EXCLUSIVE…”പരിശോധന വരുമ്പോൾ ഫയർ എക്സിറ്റിലൂടെ തൊഴിലാളികളെ വെളിയിൽ ചാടിക്കും”,സാബുവിന്റെ തനിനിറം പുറത്ത്, വെളിപ്പെടുത്തി തൊഴിലാളി

0
77

അനിരുദ്ധ് പി. കെ

കിറ്റെക്സിലെ പരിശോധനകൾ സംബന്ധിച്ച സാബു ജേക്കബിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കിറ്റെക്സിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. സർക്കാർ പരിശോധനകൾ വരുമ്പോൾ തൊഴിലാളികളെ ഫയർ എക്സിറ്റിലൂടെ പിന്നാമ്പുറത്തേക്ക് ചാടിച്ച് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടുകയാണ് സാബു ജേക്കബ് ചെയ്യുന്നതെന്ന് പോസ്റ്റിൽ പറയുന്നു. താൻ പലകുറി ഇത്തരത്തിൽ ചാടിയിട്ടുണ്ട് എന്നും 2004 – 2005 കാലയളവിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുജീഷ് വ്യക്തമാക്കുന്നു.

“കമ്പനിയിൽ പലവിധ പരിശോധനകളും നടക്കാറുണ്ടായിരുന്നൂ. ബയേഴ്സിന്റെ ഇൻസ്പെക്ഷനും വിവിധ സർക്കാർ വകുപ്പുകളുടെ ഇൻസ്പെക്ഷനും ഉണ്ടായിരുന്നു. ബയേഴ്സിന്റെ ഇൻസ്പെക്ഷൻ മുൻകൂട്ടി അറിയിച്ചായിരിക്കും നടക്കുന്നത്. തലേദിവസം തന്നെ പ്ലാന്റ് എല്ലാം വൃത്തിയാക്കി ക്രമീകരിക്കും. അന്നേ ദിവസം എട്ടു മണിക്കൂർ മാത്രമേ ഡ്യൂട്ടി ഉണ്ടാകൂ.. ഹെൽപർമാരിൽ പലർക്കും ശമ്പളത്തോടു കൂടിയ ലീവും കിട്ടും. (കാരണം അവർ അവിടുത്തെ റിക്കാർഡിൽ ഇല്ലാത്ത ജോലിക്കാരാണ്. ) അന്നത്തെ ദിവസം നല്ല ഭക്ഷണം ആയിരിക്കും. സർക്കാർ വകുപ്പുകളുടെ പരിശോധന മിക്കവാറും പെട്ടെന്ന് ആയിരിക്കും. കമ്പനി ഗേറ്റ് കടക്കുമ്പോൾ തന്നെ പ്ലാന്റിൽ നിന്നും കുറേയാളുകളെ ഫയർ എക്സീറ്റ് വഴി പിന്നാമ്പുറത്ത് കൂടെ വെളിയിൽ ചാടിക്കും. ഹെൽപറായി നിന്ന കാലത്ത് പലവട്ടം ഇങ്ങനെ ഓടേണ്ടി വന്നിട്ടുണ്ട്. സുജീഷ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള സാബു ജേക്കബിന്റെ പ്രവർത്തനം സഹിക്ക വയ്യാതെ തൊഴിലാളികൾ ആഴ്ചകൾക്കും മാസങ്ങൾക്കുമുള്ളിൽ നിർത്തി പോകുമെന്നും സുജീഷ് സ്വന്തം അനുഭവം മുൻനിർത്തി വ്യക്തമാക്കുന്നു.തൊഴിൽ ചൂഷണം മാത്രമല്ല മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങളും കിറ്റെക്സിൽ നടക്കുന്നുണ്ടെന്നും സുജീഷ് പറയുന്നു.”അവിടുത്തെ ജോലിയിൽ പ്രധാന പ്രശ്‌നം ലീവില്ല എന്നതാണ്. ഞായറാഴ്ച പകൽ മാത്രമാണ് പ്ലാന്റ് വർക്കില്ലാത്തത്. എന്തെങ്കിലും അത്യാവശ്യം വന്ന് ലീവ് വേണ്ടി വന്നാൽ തരാറില്ല. വല്ല അസുഖവും വന്നാലും രക്ഷയില്ല. പറയാതെ ലീവെടുത്താൽ ശിക്ഷ വേറെ. അത്രയും ആളുകളുടെ മുമ്പിൽ വച്ച് നിർത്തി അപമാനിക്കും, കഠിനമായ ജോലികൾ ചെയ്യിക്കും. മനസാക്ഷി എന്നൊന്നില്ല. അടിമകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ആണ് പെരുമാറുന്നത്.” സമാനമായ പല സംഭവങ്ങളും സുജീഷ് പോസ്റ്റിൽ തുറന്ന് പറയുന്നുണ്ട്.

മനുഷ്യവകാശ ലംഘനം, തൊഴിൽ ചൂഷണം തുടങ്ങി നിരവധി ചട്ടലംഘന പ്രവർത്തനങ്ങൾ നടക്കുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാർ അടിക്കടി പരിശോധന ശക്തമാക്കിയത്. ഇതോടെയാണ് തന്റെ പതിവ് തന്ത്രങ്ങളൊന്നും വിലപ്പോകില്ല എന്ന് മനസിലാക്കിയ സാബു ജേക്കബ് പുതിയ നാടകങ്ങളുമായി രംഗത്ത് വന്നത്.