ഖത്തർ യാത്ര നടത്തുന്നവർക്ക് പുതിയ നിദേശവുമായി അധികൃതർ

0
87
"Doha skyline is an excellent place to visit. A unique architecture buildings that situated at west bay. Skyscrapers are illuminated at night & business centre in the day. - Shutterstock "

ഖത്തറിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഹ്തിറാസ് വെബ്‌സൈറ്റിൽ (https://www.ehteraz.gov.qa/) മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ നിലവിൽ വന്നതായി ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു.

ഇന്നലെ മുതൽ നിലവിൽ വന്ന പുതിയ യാത്രാ നിബന്ധനകളുടെ ഭാഗമായാണിത്.. ആവശ്യമായ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ ആപ്ലിക്കേഷൻ സ്റ്റാറ്റസ് വെബ്സൈറ്റിൽ കാണിക്കും.വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ വരുന്ന എല്ലാവർക്കും മുൻകൂർ രജിസ്ട്രേഷൻ ബാധകമാണ്.

ഇഹ്തിറാസ് വെബ്സൈറ്റിൽ സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വ്യക്തിഗത വിവരങ്ങളും ആരോഗ്യ വിവരങ്ങളും നൽകുകയാണ് ചെയ്യേണ്ടത്. ഖത്തറിലെത്തുന്നതിന് 12 മുതൽ 72 മണിക്കൂർ വരെയുള്ള സമയത്തിനിടയിലാണ് ഇത് വഴി രജിസ്റ്റർ ചെയ്യേണ്ടതെന്നും അധികൃതർ അറിയിച്ചു.

ഖത്തറിലേക്ക് വരുന്ന പൗരൻമാരും പ്രവാസികളും അവരുടെ ഖത്തർ തിരിച്ചറിയൽ കാർഡ് നമ്പർ നൽകണം. ജിസിസി പൗരൻമാരാണെങ്കിൽ പാസ്പോർട്ട് നമ്പർ നൽകിയാൽ മതി. അതേപോലെ സന്ദർശക വിസയിൽ വരുന്നവർ പാസ്പോർട്ട് നമ്പറും വിസ നമ്പറും നൽകണം. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം ഏത് വാക്സിനാണ് സ്വീകരിച്ചതെന്നും രണ്ടാമത്തെ ഡോസ് എപ്പോഴാണ് എടുത്തതെന്നുമുള്ള വിവരങ്ങളും അപ് ലോഡ് ചെയ്യണം. കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരാണെങ്കിൽ അവസാനമായി രോഗം ബാധിച്ച തീയതിയും ചേർക്കണം.

അതോടൊപ്പം പാസ്പോർട്ട് കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ നെഗറ്റീവ് റിസൽട്ട് എന്നിവയും അപ് ലോഡ് ചെയ്യണം. പൂർണമായി വാക്സിൻ എടുക്കാത്തവരും റെഡ് കാറ്റഗറി രാജ്യത്തു നിന്നുള്ളവരിലും ക്വാറന്റൈൻ കഴിയുന്നതിനുള്ള ഹോട്ടൽ റിസർവേഷൻ വിവരങ്ങളും രജിസ്ട്രേഷൻ വേളയിൽ നൽകണം.

ഈ വിവരങ്ങളും രേഖകളുമെല്ലാം നൽകിക്കഴിഞ്ഞാൽ ആപ്ലിക്കേഷൻ സ്വീകരിച്ചോ അതോ എന്തെങ്കിലും നടപടിക്രമങ്ങൾ ബാക്കിയുണ്ടോ എന്ന കാര്യം വെബ്സൈറ്റിൽ നിന്ന് അറിയാനാവും. ഖത്തറിൽ എത്തുന്ന യാത്രക്കാർക്ക് കഴിഞ്ഞ ദിവസം വിവിധ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ

1. പാസ്പോർട്ട് കോപ്പി (ഗൾഫ് പൗരന്മാർ)

2. 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് പരിശോധനാ ഫലം

3. പുറപ്പെടുന്ന രാജ്യത്തെ ഔദ്യോഗിക ഏജൻസിയിൽ നിന്നു ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ്

4. ഡിസ്‌കവർ ഖത്തർ വഴിയുള്ള ഹോട്ടൽ ബുക്കിംഗ് (ഹോട്ടൽ ക്വാറന്റീൻ ആവശ്യമായവർക്ക്)

5. ഒമ്പത് മാസത്തിനുള്ളിൽ കൊവിഡ് രോഗം വന്ന് ഭേദമായതിനുള്ള ഔദ്യോഗിക ഏജൻസിയുടെ സർട്ടിഫിക്കറ്റ്.