കാലവർഷം ശക്തമായതോടെ മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു.
എറണാകുളം കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിൽ നിരവധി വീടുകൾ തകർന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകൾക്ക് മുകളിൽ മരംവീണു. മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ തകരുകയും വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തുകയും ചെയ്തു.
ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനത്തു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് കാറ്റിൻറെ വേഗം 65 കി മി വരെയാകാൻ സാധ്യതയുള്ളതിനാൽ ശക്തമായ കടൽക്ഷോഭമുണ്ടായേക്കും. മത്സ്യത്തൊഴിലാളികൾ 16 ആം തീയതി വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.