മറക്കാനയിൽ ചരിത്രം രചിച്ച് അർജന്റീന

0
123

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. കോപ്പ അമേരിക്കയിലെ സ്വപ്‌ന ഫൈനലിൽ അർജന്റീനയ്ക്ക് ചരിത്ര വിജയം. ഫുട്‌ബോളിന്റെ മിശിഹ ലയണൽ മെസി ആദ്യമായി ഒരു അന്താരാഷ്ട്ര കപ്പുയർത്തിയിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

ആവേശം വാനോളമുയർത്തിയ കലാശപ്പോരാട്ടത്തിൽ ബ്രസീലിനെ 1-0 വീഴ്ത്തിയാണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. ചരിത്രത്തിലേക്ക് നീട്ടിയ ഏയ്ഞ്ചൽ ഡി മരിയയുടെ ഒരൊറ്റ ഒറ്റഗോളിന്റെ ബലത്തിലാണ് കോപ്പ കിരീടം അർജന്റീന നെഞ്ചോടടക്കിയത്.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ മരിയ കുറിച്ച ഗോളാണ് അർജന്റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യഗോളിന് ശേഷം ലീഡ് ഉയർത്താൻ ശ്രമിച്ച അർജന്റീന വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ അതൊന്നും ഗോളായില്ല. 29ാം മിനിറ്റിൽ ഡി മരിയയുടെ മികച്ചൊരു ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. കൂടാതെ മധ്യനിരയിൽ നിന്ന് ആരംഭിച്ച മുന്നേറ്റത്തിനൊടുവിൽ മെസിയുടെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചതുമില്ല.

രണ്ടാം പകുതിയിൽ വർധിച്ച ആവേശത്തോടെ ഉയർന്ന് കളിച്ച ബ്രസീൽ തുടക്കത്തിലെ റിച്ചാർഡ് നിക്‌സണിലൂടെ സമനില ഗോൾ നേടിയെങ്കിലും സൈഡ് റഫറി ഓഫ്‌സൈഡ് വിളിച്ചതോടെയാണ് അർജന്റീനിയൻ ആരാധകർക്ക് ആശ്വാസമായത്.

87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ ഗോൾ അർജന്റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക് പന്തുമായി മുന്നേറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു. എന്നിരുന്നാലും രാജ്യത്തിന് ഒപ്പം ഒരു കിരീടമില്ല എന്ന മെസിക്കെതിരെയുള്ള വിമർശനത്തിന് ഇന്ന് മരക്കാനയിൽ അവസാനമായി.