മനോജ് വാസുദേവ്
മലബാറിലെ സ്വർണക്കടത്ത് സംഘവുമായുള്ള മുസ്ലിംലീഗ് നേതാക്കളുടെ ബന്ധം എന്താണ്. എന്തിനാണ് മാധ്യമങ്ങൾ ഇക്കാര്യം മറച്ചുപിടിക്കാൻ വെപ്രാളം കാട്ടുന്നത്. ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നത്. പുതിയ കുരുക്കുമായി മനോരമാദികൾ രംഗത്തുവരുമ്പോഴും സ്വർണക്കടത്ത് സംഘത്തിന്റെ പിന്നിലെ യഥാർത്ഥ ആളുകളെ സംരക്ഷിക്കാനുള്ള നീക്കം തന്നെയാണ് പുറത്തുവരുന്നത്. അടിക്കടി വ്യാജവാർത്തകളുമായി പിണറായി സർക്കാരിനെ ആക്രമിക്കുന്ന മാധ്യമങ്ങൾക്ക് പക്ഷെ ലീഗ്-ബിജെപി പാർട്ടികളുടെ വിഷയം വരുമ്പോൾ ബോധപൂർവം മൗനം പാലിക്കുകയാണ്. എൽഡിഎഫിനെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം ഉണരുന്ന ഇവരുടെ വാർത്താ അവബോധം മറ്റു പാർട്ടികളുടെ കാര്യത്തിലും ഒരേ താളമാണ്. ഇക്കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ സമയത്ത് ജനങ്ങൾ കരണമടച്ച് പ്രഹരിച്ചിട്ടും യഥാർത്ഥ ക്രിമിനൽ ’ സ്വഭാവം പുറത്തുവന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖം രക്ഷിക്കലാണ് ഇത്തരം നുണവാർത്തകളുടെ ലക്ഷ്യം.
പറഞ്ഞുവരുന്നത് രാമനാട്ടുകര വിഷയം തന്നെയാണ്. എന്തിനാണ് വിഷയം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്. കടത്തുകാരന്റെ ശബ്ദാതിന്റെ അധികാരികതയെപ്പറ്റി വലിയ വായിൽ വിളിച്ചുകൂവിയ അവതാരക ജഡ്ജിമാർക്ക് എന്തെ ഇതിനുപിന്നിലെ ആൾക്കാരെ വെളിച്ചത്തുകൊണ്ടുവരാൻ ഭയക്കുന്നു.
മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിയും ചില ലീഗ് നേതാക്കളും കള്ളക്കടത്ത് സംഘമായ കുടുക്കില്‍ സംഘവുമായി എന്താണ് ബന്ധം. കുടുക്കില്‍ ബാബു വാങ്ങിയ ആഡംബരക്കാര്‍ പുറത്തിറക്കുന്നത് അന്ന് എംഎൽഎ ആയിരുന്ന കെ എം ഷാജിയാണ്. ബാബുവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്ന കാര്യം കെ എം ഷാജി സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും സംഘത്തിന് ലീഗ് നേതാക്കളുമായി ബന്ധവുമുണ്ട്. മുസ്ലിം ലീഗുമായി ആ സമയത്ത് അടുത്ത ബന്ധം ബാബുവിനുണ്ടായിരുന്നു. ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി ഇപ്പോഴും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിലുണ്ട്. ഇത്രയേറെ വിഷയങ്ങൾ ഉണ്ടായിട്ടും ഇതൊന്നും ഒരു മാധ്യമങ്ങൾക്കും വാർത്തയാകുന്നില്ല, അഥവാ വാർത്ത ആക്കുന്നില്ല.
തിരുവനന്തപുരം സ്വർണക്കടത്തിലെ വമ്പൻ ‘ ബ്രേക്കിങ്ങു’കൾ നൽകിയ മാധ്യമങ്ങളാണ് ഇപ്പോൾ ഒന്നും മിണ്ടാതെ പിന്നെയും സിപിഐ എമ്മിന് കുരുക്ക് എന്ന പരിഹാസ്യമായ തലക്കെട്ടും മറ്റുമായി വരുന്നത്. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച അവയിൽ ഒന്നുപോലും സത്യമായില്ല. എൽഡിഎഫ് സർക്കാരിനെ ‘കുരുക്കാൻ’ നടന്ന ചില ചാനലുകൾ യഥാർഥ പ്രതികൾ കൺമുന്നിലൂടെ രക്ഷപ്പെട്ടത് കണ്ടില്ലെന്ന് നടിച്ചു. ദേശസുരക്ഷയ്‌ക്കുവരെ ഭീഷണി, പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് എന്നൊക്കെ വെളിപ്പെടുത്തിയവർ ആ ദിശയിൽ അന്വേഷിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് വാർത്ത നൽകാനായിരുന്നു രാപ്പകൽ ശ്രദ്ധ. എൻഐഎ, തീവ്രവാദ ബന്ധം, ദേശീയ സുരക്ഷ എന്നിങ്ങനെ ആവർത്തിച്ച മാധ്യമ സംഘം ഇപ്പോൾ രാമനാട്ടുകര വിഷയം വന്നപ്പോൾ അതിനുപിന്നിൽ കാരണങ്ങൾ തടിപ്പോയില്ല. രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ യൂത്ത്‌ലീഗ് നേതാവ് പ്രതി. മുസ്ലിം യൂത്ത്‌ലീഗിന്റെ വൈറ്റ് ഗാർഡ് പട്ടാമ്പി മണ്ഡലം ക്യാപ്‌റ്റനായ പട്ടാമ്പി കുലുക്കല്ലൂർ മുളയൻകാവ് കെ ടി സുഹൈൽ(29) സംഭവശേഷം ഒളിവിലാണ്.
പട്ടാമ്പി സ്വദേശിയായ സഫ്‌വാൻ എന്നയാളെയും പിടികിട്ടാനുണ്ട്. സഫ്‌വാൻ വൈറ്റ് ഗാർഡ് പ്രവർത്തകനാണ്. സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിനൊപ്പം ഇവരും ഉണ്ടായിരുന്നു. ഒപ്പമുണ്ടായവർ പിടിയിലായതറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കാർ ചെർപ്പുളശേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനങ്ങൾ ലീസിനെടുത്ത് വാടകയ്‌ക്ക് നൽകുകയാണ് സുഹൈലിന്റെ ജോലി. ഈ വാഹനങ്ങൾ കവർച്ചക്ക് ഉപയോഗിക്കും. പിടിക്കപ്പെട്ടാൽ വാഹനം ഉപേക്ഷിച്ച് കടന്നുകളയും. സംഘത്തിലെ ഏതാനും പേർ ഇനിയും പിടിയിലാകാനുണ്ട്. എന്നാൽ, ഇതൊന്നും മാധ്യമങ്ങൾക്ക് വാർത്ത ആയതേയില്ല.
തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം വലിയ തോതിൽ ജനസ്വാധീനം നേടിയതിന്റെ പക തീർക്കുകയാണ് മാധ്യമങ്ങൾ ഇപ്പോൾ. കൊടകര കുഴൽപ്പണ കേസും സി കെ ജാനുവിനും സുന്ദരയ്‌ക്കും കോഴ കൊടുത്തതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടായിട്ടും അതിനെ ഗൗരവമായി എടുക്കാൻ പല മുഖ്യധാരാ മാധ്യമങ്ങളും തയ്യാറായില്ല. കെ സുധാകരന്റെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാണിക്കാത്ത മാധ്യമങ്ങൾ അദ്ദേഹം കെപിസിസി പ്രസിഡന്റായത് ആഘോഷമാക്കി. അതേസമയം, ആരാണെന്നുപോലും അറിയാത്ത ഒരാളുടെ ഫോൺ സംഭാഷണം തെളിവാണെന്ന മട്ടിൽ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരെ വാർത്ത കൊടുക്കുന്നു. ഇതിനെതിരെ പ്രതികരിച്ചാൽ മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് രംഗത്തുവരും. എന്നാൽ, ഇത്തരം മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളു. നിങ്ങളുടെ നുണവാർത്തകലക്കു അധികകാലം ആയുസില്ല എന്നുതന്നെ.