BREAKING…കിറ്റെക്സ് പൂട്ടിക്കണം, പി.ടി.തോമസ് ഉൾപ്പടെ നാല് കോൺഗ്രസ് എം എൽ എ മാർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

0
188

അനിരുദ്ധ്.പി.കെ

കിറ്റെക്സ് കമ്പനിക്ക് പൂട്ടിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എ മാരായ പി.ടി.തോമസ്, ടി. ജെ.വിനോദ്, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ എന്നിവർ ചേർന്ന് നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്. മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഈ നാല് പ്രതിപക്ഷ എം എൽ എ മാരും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കത്ത് നൽകിയത്. മലിന ജല ശുദ്ധീകരണ പ്ലാന്റ് നിർമിച്ച് മലിന ജലം നിർമാർജനം ചെയ്യുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് അനുമതി നൽകിയത്. എന്നാൽ പരാതി നൽകുന്ന 02.06 2021 വരെയും കമ്പനി പ്ലാന്റ് സ്ഥാപിച്ചിട്ടില്ലെന്നും,ജലമലിനീകരണം നടത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന കമ്പനിയുടെ പ്രവർത്തനാനുമതി നിഷേധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ വ്യവസായ അന്തരീക്ഷമില്ല എന്നും വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്നുമുള്ള പ്രചരണം പ്രതിപക്ഷം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എം എൽ എ മാരുടെ കത്ത് പുറത്ത് വന്നിരിക്കുന്നത്. ദേശിയ തലത്തിൽ ബിജെപി നടത്തുന്ന കുപ്രചാരണത്തിന് കുടപിടിച്ചാണ് കേരളത്തിൽ കോൺഗ്രസ്സും ഇപ്പോൾ അടിസ്ഥാന രഹിതമായ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നിരവധി നിയമലംഘന പ്രവർത്തനങ്ങളും, മലിനീകരണ പ്രശ്നങ്ങളും കമ്പനിക്കെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു. പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, തൊഴിൽ ചൂഷണം ചെയ്യുന്ന കമ്പനിക്കെതിരെയാണ് ഇപ്പോൾ സർക്കാർ നിയമനടപടികളുമായി മുന്നോട്ടു പോകുന്നത്.