സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. ജില്ലാ കലക്ടർമാരും ജില്ലാ മെഡിക്കൽ ഓഫിസർമാരും പങ്കെടുത്ത യോഗത്തിൽ നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി.
ടിപിആർ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ഈ ജില്ലകളെല്ലാം ടെസ്റ്റിങ് ടാർഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധനകൾ പരമാവധി കൂട്ടണം. ക്വാറന്റീനും കോൺടാക്ട് ട്രെയ്‌സിങ്ങും ശക്തമാക്കണം.
വീട്ടിൽ സൗകര്യമില്ലാത്തവരെ ഡിസിസികളിലേക്കു മാറ്റണം. ഡിസിസികളും സിഎഫ്എൽടിസികളും ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും മന്ത്രി നിർദേശം നൽകി.
മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകൾക്കു വാക്‌സീൻ നൽകി പ്രതിരോധം തീർക്കണം. ഇതിനായി വാക്‌സിനേഷൻ പ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.