വ്യവസായ വികസനം വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വി.ശിവൻകുട്ടി

0
84

 

വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തൊഴിൽ – പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഓൺലൈനായി വിളിച്ചു ചേർത്ത സംസ്ഥാനത്തെ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം വികസിപ്പിച്ചെടുത്താൽ മാത്രമേ സംസ്ഥാനത്തെ വ്യവസായ വികസനം യാഥാർഥ്യമാക്കുവാൻ സാധിക്കുകയുള്ളു.

നിലവിൽ ശക്തമായ തൊഴിലാളി-തൊഴിലുടമാ ബന്ധം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സമാധാനപരവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ തൊഴിൽമേഖലയിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിന് സാധിക്കും.

ഇതിനായി ട്രേഡ് യൂണിയനുകളും തൊഴിലുടമകളും ഒന്നിച്ചു മുന്നോട്ട് പോകണം. പരസ്പര ചർച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വ്യവസായ വികസനം സാധ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി നോക്കുന്ന അസംഘടിത-പരമ്പരാഗത മേഖലയിൽ കൊവിഡ്-19-ന്റെ വ്യാപനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2020-ലും 21-ലും ഇവിടങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ തൊഴിലാളിt ക്ഷേമ പദ്ധതികൾ മുഖേന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുകയെന്ന നയമാണ് കേരള സർക്കാരിന്റേത്. അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിൽ സംരക്ഷണത്തിന് സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് പാർലമെന്റ് പാസാക്കിയ നാലു ലേബർ കോഡുകൾ. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. പാർലമെന്റിന്റെ ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ച യോഗത്തിൽ ലേബർ കോഡുകൾ സംബന്ധിച്ച കേരളത്തിന്റെ വിയോജിപ്പുകൾ രേഖപ്പെടുത്തിയെങ്കിലും അതു പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല.

പുതിയ കോഡുകൾ നടപ്പാകുമ്പോൾ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും. ട്രേഡ് യൂണിയനുകളുടെ ക്രിയാത്മക സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾ പ്രത്യേകമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ഇതിനായി ഓരോ മേഖല സംബന്ധിച്ചും പ്രത്യേക യോഗം വിളിച്ചുചേർക്കും. തൊഴിലാളി ക്ഷേമമുറപ്പാക്കുന്നതിനായി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.