ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകം : എം എ ബേബി

0
74

 

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മോഡി സർക്കാരിനല്ലാതെ ആർക്കും ഇത്തരം ഒരു വൃദ്ധസന്യാസിയെ തടവിലിട്ട് കൊല്ലാനാവില്ല.

സ്വാമിയുടെ കടുത്ത രോഗാവസ്ഥയെക്കുറിച്ച് കേന്ദ്രസർക്കാരിന് അറിയാഞ്ഞിട്ടല്ല, ചാകട്ടെ എന്ന് പുച്ഛത്തോടെ തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം കിട്ടാത്ത വിധം 84 വയസ്സുകാരനായ പുരോഹിതനെ യുഎപിഎ ചുമത്തി തടവിലിട്ടതെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണ്.നരേന്ദ്ര മോദി സർക്കാരിനല്ലാതെ ഈ ഭൂമിയിൽ ആർക്കാണ് ഇത്തരം ഒരു വൃദ്ധസന്യാസിയെ തടവിലിട്ട് കൊല്ലാനാവുക? ഫാദർ സ്റ്റാൻ സ്വാമിയുടെ കടുത്ത രോഗാവസ്ഥയെക്കുറിച്ച് ഈ സർക്കാരിന് അറിയാഞ്ഞിട്ടല്ല, അദ്ദേഹം മരിച്ചു പോകുമെന്ന് ആരും പറയാഞ്ഞിട്ടല്ല, ചാവട്ടെ എന്ന് പുച്ഛത്തോടെ തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം കിട്ടാത്ത വിധം എൺപത്തിനാലു വയസ്സുകാരനായ ഈ ഈശോസഭ പുരോഹിതനെ യു എ പി എ ചുമത്തി തടവിലിട്ടത്.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ ഈ കത്തോലിക്കാ പുരോഹിതൻ ഇന്ന് അല്പനേരം മുമ്പാണ് ബോബെയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ തടവിലിരിക്കെ അന്തരിച്ചത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കവെ, അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അദ്ദേഹം അന്തരിച്ച വിവരം കോടതിയിൽ അറിയിച്ചത്.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലിൽ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപ്പോർട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങൾക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി.

ഇതാണ് ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സർക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാൻ കാരണം. ഗോത്രജനതയെക്കുറിച്ചു പഠനം നടത്തുകയോ അവർക്ക് ഭരണഘടന ഉറപ്പു നല്കുന്ന നിയമസഹായം എത്തിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതു തീവ്രവാദം ആണെന്നാണ് ഇന്നത്തെ ഇന്ത്യയിലെ സർക്കാർ കരുതുന്നത്.

മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തെ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഭീമ കൊറഗാവുമായി ഒരു ബന്ധവുമില്ല എന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ല എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞതുമാണ്. പക്ഷേ, എന്നിട്ടും കോവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോയി.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അടക്കമുള്ളവരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈ പുരോഹിതനെ എൻഐഎ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ മാറി പുതിയ സർക്കാർ വന്നപ്പോൾ ഇവർക്ക് ജാമ്യം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്താൻ കേസ് എൻഐഎ ഏറ്റെടുത്തു.

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ യുഎപിഎ പോലുള്ള ഒരു നിയമം ഇന്നത്തെരൂപത്തിൽ ഉണ്ടാവാൻ പാടില്ല എന്നാണ് സിപിഐഎമ്മിന്റെ സുചിന്തിതമായ അഭിപ്രായം. കോളണിയിലെ അടിമകളുടെ മനുഷ്യാവകാശങ്ങൾ നിരാകരിക്കാൻ ബ്രിട്ടീഷുകാരുണ്ടാക്കിയ കരിനിയമങ്ങളുടെ തുടർച്ചയാണ് ഈ നിയമവും.

ഇന്ത്യയിൽ എല്ലാക്കാലത്തും ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന നിയമത്തിന്റെ പേര് മിസ (MISA)എന്നായിരുന്നു. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് എന്നായിരുന്നു പേരെങ്കിലും മോസ്റ്റ് ഇൻഹ്യൂമൻ ആൻഡ് സാവേജ് ആക്ട് എന്നാണ് ചിന്തകൻ കൂടിയായിരുന്ന കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മൺ ഈ നിയമത്തെ വിളിച്ചത്.

അതുപോലെ യുഎപിഎയ്ക്ക് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നാണ് വിശദീകരണമെങ്കിലും അട്ടർലി അഥോറിറ്റേറിയൻ ആൻഡ് പെർണീഷ്യസ് ആക്ട് എന്ന് വിളിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ബന്ധം തുടങ്ങിയവ ആരോപിച്ച് ജാമ്യമില്ലാതെ തടവിൽ വച്ചു പീഢിപ്പിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾക്ക് ജാമ്യം നല്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണം. തടവറയ്ക്കുള്ളിൽ നരകിക്കുന്ന ഈ പൊതുപ്രവർത്തകരുടെ മോചനത്തിനായി ഒരു പൌരാവകാശ പ്രസ്ഥാനം ഇന്ത്യയാകെ ഉയർന്നു വരികയും വേണം.