മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. ഇന്ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ ആണ് അദ്ദേഹം മരണപ്പെട്ടെന്ന വാർത്ത അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഈ വിധത്തിൽ സ്റ്റാൻ സ്വാമിക്ക് നിഷേധിക്കപ്പെട്ട നീതി പരിഗണിക്കപ്പെടമെന്നാണ് ബോംബെ ഹൈക്കോടതി പ്രതികരിച്ചത്. സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. എൽഗാർ പരിഷത് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയാണ് സ്റ്റാൻ സ്വാമി വിടപറഞ്ഞത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് 1.24 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയെക്കുറിച്ച് പരാതിയില്ലെങ്കിലും എൻഐഎയെക്കുറിച്ച് പരാതികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫാ.സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യസ്ഥി വളരെ മോശമായിട്ടും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചില്ലെന്നും ജെസ്യൂട്ട് സഭ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിൻറെ നില വളരെ മോശമായിരുന്നു. പലവട്ടം മെച്ചപ്പെട്ട ചികിത്സ തേടി കോടതിയെയും അധികാരികളെയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് വിമർശനം.
2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റുചെയ്തത്. അഞ്ചു ദശാബ്ദക്കാലമായി ആദിവാസി, ഭൂമി, വനാവകാശ പോരാട്ടങ്ങളിലെ മുൻനിര പോരാളിയായിരുന്നു അദ്ദേഹം.