സൂര്യ-ഗൗതം മേനോൻ കൂട്ടുക്കെട്ട് വീണ്ടും; ‘ഗിറ്റാർ കമ്പി മേലേ നിൺട്ര്’

0
129

 

സൂര്യ-ഗൗതം മേനോൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ കരിയറിൽ മികച്ച വിജയങ്ങൾ നേടിക്കൊടുത്ത രണ്ട് ചിത്രങ്ങളായിരുന്നു കാഖ കാഖയും വാരണം ആയിരവും. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഗൗതം വസുദേവ് മേനോനും.

നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി വെബ് സിരീസ് ആയ ‘നവരസ’യ്ക്കു വേണ്ടി ഈ ടീം വീണ്ടും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന പേരാണ് സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ച. സിനിമകളുടെ പേരിന്റെ കാര്യത്തിൽ എപ്പോഴും സവിശേഷ ശ്രദ്ധ കൊടുക്കാറുള്ള ഗൗതം മേനോൻ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.

‘ഗിറ്റാർ കമ്പി മേനേ നിൺട്ര്’ എന്നാണ് ചിത്രത്തിന്റെ പേർ എന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഒരു സംഗീതജ്ഞനാണ് ചിത്രത്തിൽ സൂര്യയുടെ കഥാപാത്രം. പ്രയാഗ മാർട്ടിൻ നായികയാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സി ശ്രീറാം ആണ്.

ഇത് ആന്തോളജിയുടെ ഭാഗമായുള്ള ലഘുചിത്രമാണെങ്കിലും സൂര്യയും ഗൗതം മേനോനും ഒന്നിച്ച് അടുത്തൊരു ഫീച്ചർ ചിത്രവും ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ സ്റ്റോറിലൈൻ സംവിധായകൻ ഇതിനോടകം സൂര്യയ്ക്കു മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യത്യസ്ത കഥകൾ പറയുന്ന ഒൻപത് ലഘുചിത്രങ്ങൾ അടങ്ങിയതാവും ‘നവരസ’. മണി രത്‌നം ക്രിയേറ്റർ ആയുള്ള ചിത്രത്തിൽ ബിജോയ് നമ്പ്യാർ, ഗൗതം വസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും സംവിധാനം ചെയ്യുന്നു. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാർഥ്, പ്രകാശ് രാജ്, രേവതി, നിത്യ മേനൻ, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി നാൽപതോളം പ്രമുഖ താരങ്ങൾ ഒൻപത് വ്യത്യസ്ത ഭാഗങ്ങളിലായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.