റേഷൻ കേന്ദ്രങ്ങളിൽ മോദിയുടെയും സഞ്ചിയിൽ താമരയുടെ ചിത്രംവയ്ക്കാനും ബി.ജെ.പി നിർദ്ദേശം

0
102

 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ വയ്ക്കാൻ നിർദ്ദേശം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.

വിതരണം ചെയ്യുന്ന റേഷൻ ബാഗുകളിൽ താമര ചിഹ്നം പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറഞ്ഞു. സംസ്ഥാന ഘടകങ്ങൾക്ക് അയച്ച കത്തിൽ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബി.ജെ.പി. ജനറൽ സെക്രട്ടറി അരുൺ സിംഗ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമര ചിഹ്നം ബാഗുകളിലുണ്ടെന്ന് ഉറപ്പുവരുത്താൻ അതത് സംസ്ഥാനങ്ങളിലെ എം.എൽ.എമാരോടും എം.പിമാരോടും മറ്റ് ഭാരവാഹികളോടും നിർദ്ദേശിച്ചിട്ടുണ്ട്.

ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളിലും റേഷൻ ബാഗുകളിൽ താമര ചിഹ്നം വയ്ക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇത്തരം സംസ്ഥാനങ്ങളിൽ ബാനറുകൾ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് പകരം മറ്റേതെങ്കിലും പ്രതിനിധികളുടെ ചിത്രം നൽകണമെന്നും പറയുന്നുണ്ട്.