റഫേൽ യുദ്ധവിമാന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ഫ്രാൻസ്‌

0
102

 

ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റഫേൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ഫ്രാൻസ്‌. സാമ്പത്തിക കുറ്റകൃത്യമേഖലയിലുള്ള സന്നദ്ധസംഘടന ‘ഷെർപ’യുടെ പരാതിയിൽ ദേശീയ പ്രോസിക്യൂഷൻ ഏജൻസി(പിഎൻഎഫ്‌)തലവൻ ജീൻ ഫ്രാങ്കോയിസ്‌ ബൊണേർട്ടാണ്‌ അന്വേഷണത്തിനു ഉത്തരവിട്ടത്‌.

അന്നത്തെ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വെ ഒലന്ദ്‌, മുൻ ധനമന്ത്രിയും നിലവിലെ പ്രസിഡന്റുമായ ഇമ്മാനുവൽ മാക്രോൺ, മുൻ പ്രതിരോധമന്ത്രിയും ഇപ്പോൾ വിദേശമന്ത്രിയുമായ ജീൻ യവിസ്‌ എൽഡ്രിയാൻ എന്നിവർക്കുനേരെയാണ്‌ അന്വേഷണം. ഇവർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ, ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കുമെന്നും ഫ്രഞ്ച്‌ മാധ്യമം ‘മീഡിയപാർട്ട്‌’ റിപ്പോർട്ട്‌ ചെയ്‌തു.

2019ൽ ഷെർപ നൽകിയ പരാതി പിഎൻഎഫിന്റെ അന്നത്തെ മേധാവി ഏലിയാന ഹ്യൂലറ്റ്‌ പൂഴ്‌ത്തിയത്‌ വിവാദമായിരുന്നു. റഫേൽ ഇടപാടിൽ ഇന്ത്യക്കാരനായ സുഷേൻ ഗുപ്‌തയ്‌ക്ക്‌ കോഴ ലഭിച്ചതായി തെളിവുകളോടെ ‘മീഡിയ പാർട്ട്‌’ റിപ്പോർട്ട്‌ ചെയ്‌തിനെ തുടർന്ന്‌ ഷെർപ വീണ്ടും പരാതി നൽകി.

റഫേൽ നിർമാതാക്കളായ ദാസൂദ്‌ ഏവിയേഷൻ ‘ഇടപാടുകാർക്കുള്ള സമ്മാന’മായി 8.5 കോടിയിൽപരംരൂപ സുഷേൻ ഗുപ്‌തയ്‌ക്ക്‌ കൈമാറിയെന്ന്‌ ‌കണ്ടെത്തി. അഗസ്‌ത വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാട്‌ അഴിമതിക്കേസിലെ പ്രതിയാണ്‌ സുഷേൻ ഗുപ്‌ത.

2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലന്ദുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ്‌ കരാർ പ്രഖ്യാപിച്ചത്‌. പൊതുമേഖലയിലെ എച്ച്‌എഎല്ലിനെ പങ്കാളിയാക്കി യുദ്ധവിമാനങ്ങൾ സംഭരിക്കാനുള്ള ആദ്യപദ്ധതി പൊളിച്ചെഴുതി അനിൽ അംബാനിയുടെ റിലയൻസ്‌ ഡിഫൻസിനെ ഉൾപ്പെടുത്തിയാണ്‌ അന്തിമ കരാറൊപ്പിട്ടത്‌.

കരാർ ഒപ്പിടുന്നതിനു തൊട്ടുമുമ്പാണ്‌ അനിൽ അംബാനി ‘റിലയൻസ്‌ ഡിഫൻസ്‌’ കമ്പനി രജിസ്‌റ്റർ ചെയ്‌തത്‌. പ്രതിരോധനിർമാണമേഖലയിൽ പരിചയമില്ലാത്തവരെ പങ്കാളിയാക്കുന്നതിൽ ദാസൂദ്‌ എതിർപ്പ്‌ പ്രകടിപ്പിച്ചു. ഇന്ത്യയിൽനിന്ന്‌ കരാർ ലഭിക്കാൻ ഇതുവേണമെന്ന്‌ മോഡിസർക്കാർ നിലപാട്‌ സ്വീകരിച്ചതായി ഒലന്ദ്‌ സർക്കാർ ദാസൂദിനെ ധരിപ്പിച്ചു.