കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ കീഴടക്കി അർജൻറീന സെമിയിലേക്ക്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അർജൻറീനയുടെ ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജൻറീനയുടെ എതിരാളികൾ.
റോഡ്രിഗോ ഡി പോളാണ് അർജൻറീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 40-ാം മിനിറ്റിലായിരുന്നു അർജൻറീനയുടെ ആദ്യ ഗോൾ. 84-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസ് അർജൻറീനയുടെ ലീഡ് ഉയർത്തി.
ഇഞ്ചൂറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ലയണൽ മെസിയും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കോപ്പയിൽ മെസിയുടെ ഗോൾ നേട്ടം നാലായി. അർജൻറീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസിയായിരുന്നു.
ഏയ്ഞ്ചൽ ഡി മരിയക്കെതിരായ പിയെറോ ഹിൻകാപിയയുടെ ഫൗളിനെ തുടർന്നായിരുന്നു ഫ്രീകിക്ക് വിധിച്ചത്. വാർ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിൻകാപിയക്ക് ചുവപ്പു കാർഡ് നൽകുകയും ചെയ്തു.