അഭിമന്യുവിന്റെ സ്വപ്നം: പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ അഭിമന്യു സ്മാരകമന്ദിരം

0
71

 

വട്ടവടയിലെ ഒറ്റമുറി വീട്ടിൽനിന്ന്‌ അഭിമന്യു മഹാരാജാസിലെത്തിയത്‌ ശാസ്‌ത്രജ്ഞൻ ആവുകയെന്ന സ്വപ്‌നവുമായാണ്‌. ഒപ്പം തന്റെ ചുറ്റുമുള്ളവർക്ക്‌ തണലാകണമെന്ന ആഗ്രഹവും.

പ്രതിസന്ധികളെ കൂസാതെ ഈ ലക്ഷ്യങ്ങളിലേക്ക്‌ ചുവടുവച്ചെങ്കിലും വർഗീയവാദികളുടെ കത്തിമുനയിൽ ആ ജീവിതവും സ്വപ്നങ്ങളും പൊലിഞ്ഞു. എങ്കിലും വിദ്യാർഥി പ്രതിഭകൾക്ക്‌ ഇനി അഭിമന്യുവിന്റെ സ്മാരകം ആശ്രയമേകും.

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന അവന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എറണാകുളത്തെ അഭിമന്യു സ്മാരകമന്ദിരം ചവിട്ടുപടിയാകുമെന്നാണ്‌ പ്രതീക്ഷ. പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക്‌ കലൂരിലെ അഭിമന്യു സ്മാരകത്തിൽ താമസിച്ച് പഠിക്കാം. അഭിമന്യു സ്‌മാരക ട്രസ്‌റ്റാണ്‌ അതിനുള്ള സൗകര്യം ഒരുക്കുന്നത്‌.

പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികൾക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠനയോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്‌. വിദേശ സർവകലാശാലകളിലെ ഓൺലൈൻ കോഴ്‌സുകൾ, മത്സരപരീക്ഷാ പരിശീലനം, തൊഴിൽ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ തുടങ്ങിയവയ്‌ക്കും അവസരമൊരുക്കും. കോവിഡ് തീവ്രത കുറഞ്ഞാൽ പദ്ധതി നടപ്പാക്കും. ഓൺലൈൻ പഠനസൗകര്യമില്ലാത്ത 250 കുട്ടികൾക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ രണ്ടിന് മൊബൈൽഫോൺ നൽകും.

ഊരുകളിൽ അഭിമന്യുവിന്റെ സ്മരണാർഥം നിർമിച്ച ലൈബ്രറികൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി പൊതു പഠനകേന്ദ്രം ഒരുക്കും. മാസത്തിൽ ആദ്യ വെള്ളിയാഴ്ച കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കുറയുമ്പോൾ ഊരുകളിൽ നേരിട്ടെത്തി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ് അമൽ പറഞ്ഞു.

സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളിൽനിന്ന്‌ സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച് ആറരസെന്റ് സ്ഥലത്താണ് അഭിമന്യുമന്ദിരം നിർമിച്ചത്. തൊഴിൽപരിശീലന കേന്ദ്രങ്ങൾ, റഫറൻസ് ലൈബ്രറി, പട്ടികവർഗ വിദ്യാർഥികൾക്ക്‌ താമസ–-പഠന സൗകര്യം എന്നിവയാണ്‌ സ്‌മാരകത്തിന്റെ ലക്ഷ്യം.

2019 ജൂലൈ രണ്ടിന് സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ ശിലയിട്ട സ്മാരകം 2020 ഡിസംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്‌ച അഭിമന്യു രക്തസാക്ഷിത്വദിനത്തിൽ കോവിഡ്‌ മാനദണ്ഡംപാലിച്ച്‌ അനുസ്‌മരണച്ചടങ്ങുകളും നടത്തും.