BREAKING…ഡീൻ കുര്യാക്കോസിനൊപ്പം, സുജിത് ഭക്തനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് യാത്ര വിവാദത്തിൽ

0
121

അനിരുദ്ധ്.പി.കെ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഇടുക്കി ജില്ലയിലെ ആദിവാസി ഊരിലാണ് സ്ഥലം എം പി ക്കൊപ്പം വ്ലോഗ്ഗർ നടത്തിയ യാത്ര വിവാദമാകുന്നത്. ഇടുക്കി ഇടമലക്കുടി ആദിവാസി ഊരിൽ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർശന നിയന്ത്രണങ്ങളും കരുതലും നൽകി അധികൃതരും, ഊരിലെ ജനങ്ങളും നടത്തുന്ന ശ്രമകരമായ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു സ്ഥലം എം പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ട്രാവൽ വ്ലോഗ്. ഇടമലക്കുടിയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും എം പി ഇടപ്പെട്ട് വ്ലോഗ്ഗർ സുജിത് ഭക്തനും ഊരിൽ യാത്ര ചെയ്ത് വിഡിയോ ഷൂട്ട് ചെയ്യാനുള്ള അവസരം ഒരുക്കുകയായിരുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊരിന്‌ പുറത്ത് നിന്നും ആർക്കും ഉള്ളിലേക്ക് പ്രവേശനം അനുവദിക്കാറില്ല, ഡീൻ കുര്യാക്കോസിന്റെ നിർബന്ധത്തെത്തുടർന്ന് മൂന്നാർ ഡി എഫ് ഓ അനുമതി നൽകിയാണ് സുജിത് ഭക്തന്റെയും സംഘത്തിന്റെയും യാത്ര നടന്നത്. യാത്രയുടെ വിശദാംശങ്ങൾ സംബന്ധിച്ച് സുജിത് ഭക്തൻ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ജനങ്ങളും ഇക്കാര്യം അറിയുന്നത്. പ്രോട്ടോകോൾ ലംഘിച്ച്, ഊരിലെ ജനങ്ങൾക്ക് ആശങ്ക നൽകുന്ന രീതിയിൽ പെരുമാറിയ എം പി ക്കും വ്ലോഗ്ഗർക്കുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്.ഊരിലെ വിദ്യാലയങ്ങളിലുൾപ്പെടെ ഇരുവരും സന്ദർശനം നടത്തിയിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എം പി സാഹചര്യങ്ങൾ മനസിലാക്കാതെ അപക്വമായി പെരുമാറുകയായിരുന്നു.ജനങ്ങളുടെ ജീവന് പുല്ലു വില കൽപ്പിച്ച എം പി നടത്തിയ ടൂർ അനൗചിത്യപരമായ തീരുമാനമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊന്നും നാട്ടിൽ കാണാനില്ലാത്ത എം പി ഡീൻ കുര്യാക്കോസ്, വ്ലോഗ്ഗർക്കൊപ്പം ടൂർ പോകാൻ എത്തിയെന്ന ആക്ഷേപവും നാട്ടുകാര് ഉയർത്തുന്നുണ്ട്.സംഭവം വലിയ വിവാദമാകുന്നതിനിടയിൽ, എം പി ക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ യും രംഗത്തെത്തിയിട്ടുണ്ട്.