സ്ത്രീകൾക്കെതിരായ അക്രമം,പ്രത്യേക കോടതികൾ അനുവദിക്കുന്നത് പരിശോധിക്കും: മുഖ്യമന്ത്രി

0
94

 

സ്ത്രീകൾക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികൾ നീണ്ടുപോകാതിരിക്കാൻ പ്രത്യേക കോടതികൾ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും പോലീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗാർഹിക പീഡനങ്ങൾക്കും സ്ത്രീകൾക്ക് എതിരെയുളള അതിക്രമങ്ങൾ തടയുന്നതിനും വാർഡ്തലം വരെ ബോധവത്ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടെന്ന് ഇടപെടാനുളള സംവിധാനം വാർഡ്തലം വരെ ഉണ്ടാകണം.

ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ഏത് വിഷയത്തിലും നീതിയുടേയും ന്യായത്തിൻറേയും പക്ഷത്താണ് പോലീസ് നിലകൊളളുക എന്ന ബോധ്യം സൃഷ്ടിക്കുന്നതിന് ഉതകുന്ന സമീപനവും പ്രവർത്തനവും പോലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിലും കേസ് അന്വേഷിക്കുന്നതിലും കേരളാ പോലീസ് കൈവരിച്ച നേട്ടം രാജ്യം അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ ജില്ലയിലെ രാമങ്കരി, എടത്വ, വനിതാ പോലീസ് സ്റ്റേഷൻ, പാലക്കാട് തൃത്താല, കണ്ണൂർ സിറ്റിയിലെ ചൊക്ലി എന്നീ പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. 2018 ലെ പ്രളയത്തിൽ പൂർണ്ണമായി നശിച്ച എടത്വ, രാമങ്കരി എന്നീ പോലീസ് സ്റ്റേഷനുകൾക്ക് പകരമായി നിർമ്മിച്ച കെട്ടിടങ്ങൾ തറയിൽ നിന്ന് ഏഴ് അടി ഉയരത്തിൽ വെളളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.

ശിശുസൗഹൃദ സ്ഥലം, ഫീഡിംഗ് റൂം, ട്രാൻസ്ജെൻറർ സെൽ എന്നിവയുൾപ്പെടെയുളള സൗകര്യങ്ങൾ പോലീസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓഫീസർമാർക്കുളള പ്രത്യേക മുറി, ആയുധങ്ങൾ, റിക്കോർഡുകൾ, തൊണ്ടിമുതൽ എന്നിവ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരെ സ്വീകരിക്കുന്നതിന് ഉൾപ്പെടെയുളള അടിസ്ഥാനസൗകര്യങ്ങൾ എല്ലാ പോലീസ് സ്റ്റേഷനിലുമുണ്ട്.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം, കോഴിക്കോട് സിറ്റിയിലെ മൂന്ന് അപ്പർ സബോർഡിനേറ്റ് കോർട്ടേഴ്സുകൾ, തൃശൂർ സിറ്റിയിലെ നെടുപുഴയിലെ മൂന്ന് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾ, പാലക്കാട് അഗളിയിലെ പുതിയ പോലീസ് ബാരക്ക്, കൊല്ലം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിലെ ജില്ലാതല പരിശീലനകേന്ദ്രങ്ങൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അമൂല്യമായ ചരിത്രരേഖകൾ, പ്രമാണങ്ങൾ, പുരാണങ്ങൾ, വിധിന്യായങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ മലബാർ സ്പെഷ്യൽ പോലീസ് മ്യൂസിയം, കോഴിക്കോട് സിറ്റിയിലെ മലബാർ പോലീസ് മ്യൂസിയം എന്നിവയുടേയും എറണാകുളം റൂറൽ ജില്ലയിലെയും മലപ്പുറത്തെയും ജില്ലാ തല ഫോറൻസിക് ലബോറട്ടറികളുടേയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സംസ്ഥാനത്തെഏറ്റവും പുതിയ ബറ്റാലിയനായ കെ.എ.പി ആറ്, ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനം, പാലക്കാട് ജില്ലയിലെ പുതൂർ പോലീസ് സ്റ്റേഷൻ കെട്ടിടം, തൃശൂർ റൂറൽ ജില്ലാ പോലീസിൻറെ എമർജൻസി റെസ്പോൺസ് ആൻറ് സപ്പോർട്ട് സിസ്റ്റത്തിനായി നിർമ്മിക്കുന്ന കൺട്രോൾ റൂം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു.മന്ത്രിമാരും ജനപ്രതിനിധികളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഓൺലൈനായി നടന്ന ചടങ്ങിൽ പങ്കെടുത്തു.