ഒളിംപിക്‌സ് നീന്തലിന് യോഗ്യത നേടി മലയാളി താരം സജൻ പ്രകാശ്

0
70

 

മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലാവും സജൻ മത്സരിക്കുക. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബട്ടർഫ്‌ലൈയിൽ ഒന്നാമതെത്തിയതാണ് സജന് ഒളിമ്പിക്‌സ് യോഗ്യത നേടിക്കൊടുത്തത്.

റോമിൽ 1:56.38 നീന്തിയെത്തിയ സജൻ ദേശീയ റെക്കോർഡും മെച്ചപ്പെടുത്തി. 1:56.48 സമയമായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്. എ യോഗ്യതാ മാർക്ക് മറികടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ഇതോടെ താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യൻ നീന്തലിനിത് ചരിത്ര മുഹൂർത്തമാണെന്ന് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 2016ലെ റിയോ ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സജൻ മത്സരിച്ചിരുന്നു.

2015ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്‌റ്റൈൽ, ബട്ടർഫ്‌ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്ത സജൻ 6 സ്വർണ്ണവും 3 വെള്ളിയും നേടിയിരുന്നു. ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.