വാക്സീന്‍ എടുത്തവര്‍ക്കും അപൂര്‍വമായെങ്കിലും കോവിഡ് ബാധ ഉണ്ടാകാം. എന്നാല്‍ വാക്സിനേഷന് ശേഷമുള്ള അണുബാധ അത്ര തീവ്രമായിരിക്കില്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. വാക്സിനേഷന്‍ എടുത്തവര്‍ക്ക് വരുന്ന കോവിഡ് ബാധയില്‍ ലക്ഷണങ്ങള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. വാക്സിനേഷന് ശേഷമുള്ള കോവിഡ് ബാധ തിരിച്ചറിയാന്‍ ഇനി പറയുന്ന നാല് ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം:
കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ പോലും ഇടംപിടിക്കാതിരുന്ന രോഗലക്ഷണമാണ് തുമ്മല്‍. എന്നാല്‍ വാക്സിനേഷന് ശേഷം കോവിഡ് വരുന്നവരില്‍ തുടര്‍ച്ചയായ തുമ്മല്‍ കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് ഏറ്റവും വ്യാപകമായി കാണപ്പെട്ട ഒരു രോഗലക്ഷണമാണ് ശ്വാസംമുട്ടല്‍. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ശരീരത്തിലെ ഓക്സിജന്‍ തോതിനെ താഴേക്ക് കൊണ്ടുവരുന്നു. വാക്സിനേഷന് ശേഷം കോവിഡ് ബാധിക്കുന്നവരിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കക്ഷത്തിലും കഴുത്തിന്റെ ഭാഗത്തും ഒക്കെ ഗ്രന്ഥികള്‍ക്ക് നീര്‍ക്കെട്ട് ഉണ്ടാകുന്നത് കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ കുത്തി വയ്പ്പെടുത്ത് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അവ അപ്രത്യക്ഷമാകാറുണ്ട്. ഈ നീര്‍ക്കെട്ട് തുടരുന്നതായി കണ്ടാല്‍ കോവിഡ് അണുബാധ സംശയിക്കണം. ചെവിയില്‍ ഒരു മുഴക്കമോ കേള്‍വിക്ക് ചെറിയ തടസ്സമോ വാക്സിനേഷന് ശേഷം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവയും കോവിഡ് അണുബാധയുടെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം വാക്സീന്‍ എടുത്തവരും രോഗ പരിശോധന നടത്തി, വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ നോക്കി ഇരിക്കുന്ന വേളയില്‍ കോവിഡിന്റെ സാധാരണ രോഗലക്ഷണങ്ങള്‍ മറക്കുകയും അരുത്. പനി, തലവേദന, കണ്ണിലെ ചുവപ്പ്, ശരീരവേദന, മണവും രുചിയും നഷ്ടമാകല്‍,ഓക്സിജന്‍ തോത് താഴ്ന്നു പോകല്‍ പോലുള്ള കോവിഡിന്റെ പൊതു രോഗലക്ഷണങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.