ക്യൂബൻ ഉപരോധം : യുഎന്നിൽ അമേരിക്കയ്‌ക്കെതിരെ വോട്ട്‌ ചെയ്‌ത്‌ 184 രാജ്യം

0
76

അമേരിക്ക ക്യൂബയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധം നീക്കാനാവശ്യപ്പെട്ട യുഎൻ പ്രമേയത്തെ അനുകൂലിച്ച്‌ 184 അംഗരാജ്യം. പൊതുസഭയിലെ 193 അംഗങ്ങളിൽ എതിർത്തത്‌ അമേരിക്കയും ഇസ്രയേലും മാത്രം. ബ്രസീൽ, കൊളംബിയ, ഉക്രെയിൻ എന്നിവ വിട്ടുനിന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്‌, മ്യാന്മർ, മോൾഡോവ, സൊമാലിയ എന്നിവ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ മുൻഗാമി ഡോണൾഡ്‌ ട്രംപിന്റെ നിലപാട്‌ അപ്പാടെ പിന്തുടരുകയാണെന്ന്‌ ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ്‌ ചൂണ്ടിക്കാട്ടി. മുൻ ക്യൂബൻ പ്രസിഡന്റ്‌ റൗൾ കാസ്ട്രോയും ബറാക്ക്‌ ഒബാമയും തമ്മിൽ നടന്ന ചർച്ചയ്‌ക്കുശേഷം 2016ൽ ആദ്യമായി അമേരിക്ക ക്യൂബൻ പ്രമേയത്തിൽ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നിരുന്നു.

ക്യൂബയിലേക്കുള്ള യാത്രാ നിരോധനമടക്കം ട്രംപിന്റെ നയങ്ങൾ തിരുത്തുമെന്ന തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം ഡെമോക്രാറ്റുകൾ പാലിച്ചില്ല. 2019 ഏപ്രിൽ മുതൽ 2020 ഡിസംബർവരെ ഉപരോധംമൂലം ക്യൂബയ്ക്ക്‌ 915 കോടി ഡോളറിന്റെ (ഏകദേശം 67,854 കോടി രൂപ) നഷ്ടമുണ്ടായി. ആറുപതിറ്റാണ്ടിൽ ആകെ നഷ്ടം 14,785.3 കോടി ഡോളർ.

62 വർഷം പഴക്കമുള്ള ഉപരോധം നീക്കണമെന്ന്‌ 1992 മുതൽ ഇത്‌ 29–-ാം തവണയാണ്‌ പൊതുസഭ ആവശ്യപ്പെടുന്നത്‌. 2019ലെ പ്രമേയത്തെ 187 രാജ്യം അനുകൂലിച്ചിരുന്നു. വിവിധ വർഷങ്ങളിലായി ആകെ എട്ടുരാജ്യം മാത്രമാണ്‌ ആവശ്യത്തെ എതിർത്തത്‌. ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും അമേരിക്ക ഉപരോധം തുടരുന്നത്‌ യുഎന്നിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന്‌ ഇന്ത്യൻ പ്രതിനിധി മായാങ്ക്‌ സിങ്‌ പറഞ്ഞു.