സി.കെ ജാനുവിന് 25 ലക്ഷം കൂടി കൈമാറിയെന്ന് പ്രസീത അഴീക്കോട്, പുതിയ ശബ്ദരേഖ പുറത്ത്

0
82

 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എത്ര പണം ചോദിച്ചാലും തരാൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്.

കെ.സുരേന്ദ്രനുമായുള്ള പുറത്തു വന്ന പുതിയ ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവർ പറഞ്ഞു.

പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓ‍‌ർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്.

ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നതായി കേൾക്കാം. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.