സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അതീവ ഗൗരവത്തോടെ കാണണം : മന്ത്രി വീണാ ജോർജ്

0
119

 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളർത്തി വലുതാക്കിയവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.

ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് മറ്റൊരു വീട്ടിലേക്ക് കടുന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനാജനകമാണെന്നും മന്ത്രി വ്യക്തമാക്കി. വിസ്മയയുടെ നിലമേലുള്ള വീട്ടിൽ കുടംബാംഗങ്ങളെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് എതിരെയുള്ള ഇങ്ങനെയുള്ള ഒരു അതിക്രമങ്ങളും അംഗീകരിക്കാൻ കഴിയില്ല. കുറ്റക്കാർക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തിൽ സ്ത്രീധനത്തിനെതിരെ, ആ സമ്പ്രദായത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതുണ്ട്.

സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും നമ്മൾ ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പെൺമക്കൾ ഇങ്ങനെ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല. അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.