അതിഥി തൊഴിലാളികൾക്ക് നൽകിയത് രണ്ടരലക്ഷത്തോളം ഭക്ഷ്യ കിറ്റ് , വാക്‌സിനേഷൻ നടപ്പാക്കാനൊരുങ്ങി തൊഴിൽവകുപ്പ്

0
162

 

സംസ്ഥാനത്ത് ലോക്ക്ഡൗണിലും ട്രിപ്പിൾ ലോക്ക്ഡൗണിലും അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുകയെന്ന സർക്കാർ നയം യുദ്ധകാലാടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് നടപ്പാക്കിയത്. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി ആക്ഷൻ പ്ലാനും തയാറാക്കി മുന്നോട്ട് പോവുകയുമാണ് വകുപ്പ്.

ഇതിനോടകം രണ്ടരലക്ഷത്തോളം ഭക്ഷ്യ കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി തൊഴിൽ വകുപ്പ് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്‌തത്. അതിഥി തൊഴിലാളികൾ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളായ ആട്ട, ഉരുളക്കിഴങ്ങ്, അരി, എണ്ണ, ധാന്യങ്ങൾ മുതലായവയാണ് ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിഥി തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ നേരിട്ടെത്തിയാണ് മഴയ്ക്കിടയിലും തൊഴിൽ വകുപ്പ് അസിസ്റ്റന്റ് ലേബർ ഓഫീസർമാരും ലേബർ ഓഫീസർമാരും ഇതു വിതരണം ചെയ്യുന്നത്.

ഒന്നാം ഘട്ടത്തിൽ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റ് എത്തിച്ചത്. രണ്ടാം ഘട്ടമായി കോൺട്രാക്റ്റർമാർ, തൊഴിലുടമകൾ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലെ താമസ സ്ഥലങ്ങളിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് എത്തിച്ചിട്ടുണ്ട്.

പ്ലാന്റേഷൻ മേഖലയിലുൾപ്പെടെ ഇതു വരെ (2,58,200) രണ്ടു ലക്ഷത്തി അമ്പത്തെണ്ണായിരത്തി ഇരുന്നൂറ് ഭക്ഷ്യ കിറ്റുകളാണ് അതിഥി തൊഴിലാളികൾക്കായി വിതരണം ചെയ്തിട്ടുള്ളത്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയാണ് അവർക്കായി എത്ര കിറ്റുകളാണ് വേണ്ടി വരുന്നതെന്ന് കണ്ടെത്തിയത്.സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

തൊഴിൽ വകുപ്പിന്റെ കൊല്ലം റീജണിലും എറണാകുളം മധ്യമേഖലാ റീജണിലും കോഴിക്കോട് ഉത്തരമേഖലാ റീജണിലും നടപടികൾ പുരോഗമിക്കുന്നു. മൂന്നു മേഖലകളിലും തുടർന്നും വേണ്ടി വരുന്ന കിറ്റുകളുടെ കണക്കുകൾ സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. ഇതു ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തരമായി വിതരണം ചെയ്യും.

ഭക്ഷ്യകിറ്റ് വിതരണത്തിനോടൊപ്പം അതിഥി തൊഴിലാളികളുടെ സമഗ്ര വിവര ശേഖരണവും സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശവും കൊവിഡ്-19 അവബോധ പ്രചരണവും ലേബർ കമ്മീഷണറേറ്റ് വിവിധ ജില്ലാ ലേബർ ഓഫീസുകൾ വഴി നടത്തി വരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെയടിസ്ഥാനത്തിൽ ബോധവത്കരണം, സുരക്ഷ എന്നിവയ്ക്കായും അതിഥി തൊഴിലാളികളുടെ സഹായത്തിനായും സംസ്ഥാനത്തെ 14 ജില്ലാ ലേബർ ഓഫീസുകളും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളും കേന്ദ്രമാക്കിയും സംസ്ഥാനതലത്തിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നു.

ഇവിടങ്ങളിൽ അതിഥി തൊഴിലാളികളുടെ സംശയ നിവാരണത്തിനുൾപ്പെടെ അവരുടെ ഭാഷയിൽ മറുപടി നൽകുന്നതിനായി ദ്വിഭാഷികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി ഭാഷകളിൽ കോൾസെന്റർ സേവനങ്ങൾ ലഭ്യമാണ്. അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി , തമിഴ് ഭാഷകളിൽ കോൾസെന്റർ സേവനങ്ങൾ ലഭ്യമാണ്. വിവിധ ഭാഷകളിൽ അതിഥി തൊഴിലാളികൾക്കായി സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അവബോധ സന്ദേശ പ്രവർത്തനങ്ങളും നൽകി വരുന്നു.

വിവിധ ജില്ലകളിൽ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികൾക്ക് ചികിത്സയും താമസവും ഒരുക്കുന്നതിനായി ഡോമിസിലിയറി കെയർ സെന്ററുകളും സിഎഫ്എൽടിസിഎസുകളും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ജില്ലകളിൽ ഇതിനായുള്ള സൗകര്യം ഉറപ്പാക്കുന്നതിന് തൊഴിൽ വകുപ്പ് നടപടികൾ സ്വീകരിക്കുന്നു. തോട്ടം മേഖലയിൽ ഭക്ഷ്യ കിറ്റുകൾ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരാണ് വിതരണം ചെയ്തു വരുന്നത്. ഇവിടങ്ങളിൽ മാസ് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികൾക്ക് മാത്രമായി ഇതിനോടകം 75 ഡോമിസിലിയറി കെയർ സെന്ററുകളും ഏഴു സിഎഫ്എൽടിസിഎസുകളും ആരംഭിച്ചുകഴിഞ്ഞു. അതിഥി തൊഴിലാളികൾക്കായി 10 ഡോമിസിലിയറി കെയർ സെന്ററുകളും പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ സ്വീകരിക്കാൻ അതിഥി തൊഴിലാളികളെ സജ്ജരാക്കാൻ സംസ്ഥാനത്തുടനീളം അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്നു.

രോഗ സാഹചര്യങ്ങളിൽ ആശുപത്രി, ആംബുലൻസ് സേവനങ്ങൾക്കായി ദിശ കോൾ സെന്റർ, ഡിപിഎംഎസ്‌യു എന്നിവയുടെ സേവനം അതിഥി തൊഴിലാളികൾക്ക് ലേബർ ഓഫീസർമാർ ഉറപ്പുവരുത്തും. കോൾ സെന്ററുകളിലേയ്ക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ പ്രശന്ങ്ങൾ കേട്ട് ഉടനടി പരിഹാരം കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനുമുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്ക് പ്രത്യേകമായും കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നുതിനായുള്ള മുൻഗണനാ പട്ടികയുൾപ്പെടുത്തിക്കൊണ്ടുള്ള ആക്ഷൻ പ്ലാൻ തൊഴിൽ വകുപ്പ് തയാറാക്കിയതനുസരിച്ച് നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.

വാക്സീൻ ലഭ്യതയനുസരിച്ച് ഇവർക്ക് സൗജന്യ വാക്സീൻ ഉറപ്പാക്കുന്നുണ്ട്.സ്വദേശത്തേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ തയാറാക്കി കൈമാറാൻ റെയിൽവേയുടെ സഹായം തേടിയിട്ടുണ്ട്. പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

ജില്ലാ ഭരണകൂടങ്ങളുമായി ചേർന്ന് അതിഥി തൊഴിലാളികൾക്കായി പ്രത്യേക സുരക്ഷാ പദ്ധതികൾ ഒരുക്കുന്നതിന് വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെയും തോട്ടംമേഖലകളിലെയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സർക്കുലറുകൾ വഴി മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകളും വഴി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് ഒറ്റത്തവണയായി 1000 രൂപ എക്സ്ഗ്രേഷ്യാ ധനസഹായം സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി എല്ലാ ചെറുകിട തോട്ടം തൊഴിലാളികൾക്കും 1000 രൂപ വീതം കോവിഡ് കാലയളവിൽ സർക്കാർ ധനസഹായം നൽകുന്നുണ്ട്.പൂട്ടിക്കിടക്കുന്നതുൾപ്പെടെ എല്ലാ തോട്ടം തൊഴിലാളികൾക്കും ഇക്കാലയളവിൽ 1000 രൂപ വീതം ധനസഹായം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.