പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

0
72

 

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചല്‍ ഖാദര്‍ 1972ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി മധുരമുള്ള പാട്ടുകള്‍ നല്‍കിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, അനുരാഗിണീ ഇതാ എന്‍, ഏതോ ജന്മകല്‍പനയില്‍, പൂമാനമേ.., തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.

ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി. എഴുപത് എണ്‍പത് കാലഘട്ടത്തില്‍ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദര്‍ കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു.

തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: തുഷാര, പ്രസൂന