ദുബായ് വിലക്ക് നീക്കി , എയർലൈൻസുകൾ ഇരു രാജ്യങ്ങൾക്കിടയിൽ സർവീസ് പുനരാരംഭിക്കുന്നു

0
89

 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതൽ എയർലൈൻസുകൾ ഇരു രാജ്യങ്ങൾക്കിടയിൽ സർവീസ് പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയർ എന്നിവ ബുധനാഴ്ച സർവീസ് ആരംഭിക്കും. സർവീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ച, സാധുവായ റെസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് 23 മുതൽ തിരിച്ചുവരാൻ കഴിഞ്ഞ ദിവസം ദുബായ് അനുമതി നൽകിയിട്ടുണ്ട്. ദുബായ് പ്രസിദ്ധീകരിച്ച ആസ്ട്ര സെനക്ക, സ്പുട്‌നിക് എന്നീ അംഗീകൃത വാക്‌സിൻ പട്ടികയിൽ ഇന്ത്യയുമുണ്ട്. ആസ്ട്ര സെനക വാക്‌സിൻ കോവി ഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ ലഭിക്കുന്നത്.

ഇന്ത്യയിൽ നിന്നും വരുന്നവർ യാത്രക്ക് മൂൻപ് 48 മണിക്കൂറിനിടെ പിസിആർ പരിശോധന നടത്തണം. സർട്ടിഫിക്കറ്റിൽ റീഡബിൾ ക്യൂആർ കോഡ് ഉണ്ടായിരിക്കണം. കൂടാതെ, ഇവർ വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് റാപിഡ് പിസിആർ പരിശോധനയും നടത്തണം.

ദുബായിൽ എത്തിയാൽ വിമാനതാവളത്തിൽ പിസിആർ പരിശോധനക്ക് വിധേയമാകണം. ഈ പരിശോധനയുടെ ഫലം ലഭിക്കും വരെ ഹോട്ടൽ ക്വാറന്റയ്‌നിൽ കഴിയണം.

കൂടുതൽ വിമാന സർവീസ് ആയാൽ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഗണ്യമായി വർധിക്കില്ലെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ. ഏപ്രിലിൽ യുഎഇ ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം കൊണ്ടുവന്നതോടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് 70 ശതമാനം ഇടിഞ്ഞിരുന്നു. യുഎഇയുടെ വിമാന യാത്രാ വരുമാനത്തിൽ 30 ശതമാനം ഇന്ത്യയിൽ നിന്നാണ്.