കെടിഡിസി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളിൽ നൽകും,‘ ഇൻ-കാർ ഡൈനിങ്‌’ പദ്ധതി ഒരുങ്ങുന്നു : ടൂറിസം മന്ത്രി

0
81

 

കെടിഡിസി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളിൽതന്നെ നൽകുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.

ലോക്‌ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവർക്ക് പഴയതുപോലെ വഴിയിൽനിന്ന്‌ സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്ഥിതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാർ റസ്റ്റോറന്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പദ്ധതി ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാൽ സ്വന്തം വാഹനത്തിൽ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് ‘ഇൻ-കാർ ഡൈനിങ്‌’ എന്ന പേരിലുള്ള പദ്ധതി. ഇതിലൂടെ കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവർക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തിൽ തയ്യാറാക്കി നൽകും.