അണിയറയിൽ കരുനീക്കം ശക്തം, പുതിയ പ്ലാനുമായി ഉമ്മൻ‌ചാണ്ടി വിശ്വസ്തർ,ചെന്നിത്തല ഡൽഹിയിൽ

0
83

കോൺഗ്രസ്സിൽ ഐക്യം പുറംപൂച്ചെന്ന് വ്യക്തമാക്കി നേതാക്കൾ. കെ.സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിൽ രമേശ് ചെന്നിത്തല സത്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന് പിന്നാലെ കരുനീക്കം ശക്തമാക്കി എ,ഐ ഗ്രൂപ്പ് നേതാക്കൾ. കൂടെ നിൽക്കുന്നവരെയും ഒപ്പം ചിരിക്കുന്നവരെയും വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് ചുമതലയേൽക്കുന്ന വേദിയിൽ വെച്ച് തന്നെ കെ.സുധാകരന് നൽകി രമേശ് ചെന്നിത്തല കോൺഗ്രസ്സിനുള്ളിലെ പുകച്ചിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വർക്കിങ്‌ പ്രസിഡന്റുമാരായ പി ടി തോമസ്‌, കൊടിക്കുന്നിൽ സുരേഷ്‌, ടി സിദ്ദിഖ്‌ എന്നിവരെ വിശ്വസിക്കരുതെന്ന്‌ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പിൽ തുറന്നുപറഞ്ഞു. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തേക്ക്‌ പിന്തുണയ്‌ക്കാത്തതിന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ‘എ’ ഗ്രൂപ്പിനോട്‌ അകന്നു. ഇതൊന്നും വകവയ്‌ക്കാതെ മുന്നോട്ടുപോകാനാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം. കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്‌ അനൗപചാരികമായി രൂപം കൊണ്ടിട്ടുണ്ട്‌. ഈ ഗ്രൂപ്പില്ലാ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലാകും ഇനി പോര്‌. ഇതിലൊന്നിലുംപെടാത്തവരും പുനഃസംഘടനയ്‌ക്കുശേഷം പുതിയ ചേരിയായി രംഗത്തെത്തും.

പ്രതിപക്ഷനേതാവ്‌ സ്ഥാനം തെറിപ്പിക്കാൻ ഗ്രൂപ്പിലെ അഞ്ച്‌ എംഎൽഎമാർ ചതിച്ചെന്ന്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. തലേന്ന്‌ രാത്രിവരെ തന്നോടൊപ്പമാണെന്ന്‌ പറഞ്ഞ അൻവർ സാദത്ത്‌, എൽദോസ്‌ കുന്നപ്പിള്ളി, സി ആർ മഹേഷ്‌, ടി ജെ വിനോദ്‌, ഐ സി ബാലകൃഷ്‌ണൻ എന്നിവരാണ്‌ ‘കോഴി മൂന്ന്‌ വട്ടം കൂകുംമുമ്പ്‌’ തള്ളിപ്പറഞ്ഞത്‌. താൻ കൈപിടിച്ചുവളർത്തിയവരും കണ്ണടച്ച്‌ വിശ്വസിച്ചവരുമായ ഈ വഞ്ചകരോട്‌ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ അദ്ദേഹം. അഞ്ച്‌ എംഎൽഎമാർകൂടി കൈവിട്ടതോടെ ഐ ഗ്രൂപ്പ്‌ ശിഥിലമായി. കെ മുരളീധരനും ഐ ഗ്രൂപ്പിനൊപ്പമല്ല.

കോൺഗ്രസ്സ് പുനഃസംഘടന നീക്കങ്ങൾ സജീവമാക്കുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ ഹൈക്കമാന്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുമായി രാവിലെയാണ് കൂടിക്കാഴ്‌ച. തനിക്ക് നേരിട്ട അവഗണയും, ഗ്രൂപ്പ് കളികളും ചെന്നിത്തല രാഹുൽ ഗാന്ധിയോട് വ്യക്തമാക്കുമെന്നാണ് സൂചന. തഴയപ്പെട്ട നേതാക്കൾ പലരും അസ്വസ്ഥരാണ്. അവസരം കാത്തിരിക്കുന്ന ഈ നേതാക്കളെക്കൂടി പരിഗണിക്കുന്ന തീരുമാനം ഹൈക്കമാന്റിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.