കോവിഡ് വ്യാപനത്തെ തുടർന്ന് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക.
10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12‐ാംക്ലാസിലെ പ്രീ – ബോർഡ് പരീക്ഷയ്ക്ക് 40ശതമാനം വെയ്റ്റേജ് നൽകുമെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ വിശദീകരിച്ചു. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക. പ്രാക്‌ട്രിക്കൽ പരീക്ഷയുടെ മാർക്കുകൾ സ്‌കൂളുകൾ സമർപ്പിക്കണം.
കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാൻ പതിമൂന്നംഗ വിദഗ്ധ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു.ഈ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ സുപ്രീംകോടതി അംഗീകാരം നൽകിയ ശേഷമാണ് മാനദണ്ഡങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്രാക്‌റ്റിക്കൽ പരീക്ഷക്ക് ചില സ്‌കൂളുകൾ കൂടുതൽ മാർക്കും ചിലർ കുറവും മാർക്കും നൽകുന്ന പ്രവണതയുണ്ട്. ഇത് ഒഴിവാക്കാൻ 1000 സ്‌കൂളുകൾക്ക് ഒന്ന് എന്ന വിധത്തിൽ പരിശോധനാ സമിതികൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്.