ആഴക്കടലിനെ കോർപറേറ്റുകൾക്ക്‌ വിൽക്കാൻ കേന്ദ്രം , സുപ്രധാന നടപടികൾക്ക്‌ അംഗീകാരം

0
17

 

ആഴക്കടലിനെ കോർപറേറ്റുകൾക്ക്‌ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആഴക്കടൽ സമ്പത്ത്‌ അന്താരാഷ്‌ട്ര കോർപറേറ്റുകൾക്ക്‌ നൽകുന്ന സുപ്രധാന നടപടികൾക്ക്‌ കേന്ദ്ര സർക്കാരിന്റെ അംഗീകാരം. 4,077 കോടി രൂപയുടെ പര്യവേഷണ പദ്ധതിക്ക്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി .

തന്ത്രപ്രധാനമെന്ന്‌ കേന്ദ്രസർക്കാർ തന്നെ സമ്മതിക്കുന്ന ആഴക്കടൽ ഖനനസാങ്കേതികവിദ്യ വീണ്ടുവിചാരമില്ലാതെയാണ്‌ സർക്കാർ കുത്തകകൾക്ക്‌ തുറന്നു കൊടുക്കുന്നത്‌. സ്വകാര്യമേഖലയ്‌ക്ക്‌ വാണിജ്യപരമായി നേട്ടം നൽകുന്നതല്ലെന്ന്‌ പറയുന്നുണ്ടെങ്കിലും ആത്യന്തികലക്ഷ്യം വ്യക്തമാണ്‌.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്‌ത പര്യവേക്ഷണ പദ്ധതികളിൽ പ്രധാനം ആഴക്കടൽ ധാതുവിഭവ ഖനനത്തിന്‌ സാങ്കേതികവിദ്യ വികസിപ്പിക്കലാണ്‌. മത്സ്യസമ്പത്തിൽ കേന്ദ്രീകരിച്ച്‌ ജീവശാസ്‌ത്രമേഖലയിലും പര്യവേഷണം നടക്കും.

ആദ്യഘട്ടമായി 2021-24 കാലയളവിൽ 2823.4 കോടിചെലവിടും. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ഏകോപനത്തിൽ വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കും. സ്വകാര്യമേഖലയിലെ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ചേർന്ന്‌ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും. പര്യവേഷണ കപ്പലും നിർമിക്കും.

ദൗത്യത്തിന്റെ മറ്റ് ലക്ഷ്യങ്ങൾ

● സമുദ്രത്തിൽ 6,000 കിലോമീറ്റർ വരെ ആഴത്തിൽ മൂന്ന്‌ ഗവേഷകരെ എത്തിക്കും. ഇവർക്കുവേണ്ട കവചങ്ങളും സെൻസറുകളും ഇതര ഉപകരണങ്ങളും നിർമിക്കും
● ഇന്ത്യൻ മഹാസമുദ്രത്തിലെ ബഹുലോഹ നിക്ഷേപങ്ങൾ ഖനനം ചെയ്യാൻ സംയോജിത സാങ്കേതികവിദ്യ കണ്ടെത്തും
● കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി മനസ്സിലാക്കാൻ സംവിധാനം ഒരുക്കും. തീരദേശ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ പ്രയോജനം ചെയ്യും
● സമുദ്രാന്തർഭാഗത്തെ സൂക്ഷ്‌മ ജീവികളെ കുറിച്ചുള്ള പഠനം
● കടൽവെള്ളം ശുദ്ധീകരിച്ച്‌ ഉപയോഗിക്കാൻ സാങ്കേതികവിദ്യ വികസിപ്പിക്കും
● സമുദ്രജീവശാസ്‌ത്രവും എൻജിനിയറിങ്ങും വികസിപ്പിക്കാൻ ആവശ്യമായ മനുഷ്യവിഭവശേഷി വാർത്തെടുക്കും. വാണിജ്യ, ഉൽപ്പാദന മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടാണ്‌ ഈ നീക്കം. പുതിയ ഉപകരണങ്ങളുടെ ഉപയോഗം ചെറുകിട വ്യവസായ മേഖലയ്‌ക്ക്‌ മുതൽക്കൂട്ടാകും.

മത്സ്യബന്ധനമേഖലയിൽ പ്രത്യാഘാതം

കേന്ദ്ര ദൗത്യത്തിലെ പല കാര്യവും മത്സ്യബന്ധനമേഖലയിൽ ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും. മത്സ്യസമ്പത്ത്‌ ഉൾപ്പെടെ വ്യവസായികൾ നേരിട്ട്‌ ചൂഷണം ചെയ്യാൻ വഴിയൊരുങ്ങും. ആഴക്കടൽ ഖനനം സമുദ്രത്തിലെ ആവാസവ്യവസ്ഥ തകിടം മറിക്കും.