മരം മുറി കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ട് സന്ദർശിക്കും

0
78

 

സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എഡിജിപി ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും.

വനം വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും, ഐജി എസ് സ്പർജൻകുമാറും ആണ് ഇന്ന് വയനാട്ടിലെത്തുക. വിജിലൻസ്, വനം, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ കർഷകർ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ തേടും. മരം മോഷണം പോയെന്ന പരാതിയിൽ പോലീസ് ഇതിനോടകം വയനാട്ടിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുമായും സംഘം ചർച്ച നടത്തും.