കൊടകര കുഴൽപ്പണക്കേസ്; പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചത്, പൊലീസ്‌ റിപ്പോർട്ട്‌ കോടതിയിൽ

0
14

 

കൊടകര കുഴൽപ്പണക്കേസിൽ കണ്ടെടുത്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് പറയുന്നു. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധർമരാജന്റെ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

കുഴൽപ്പണക്കേസിൽ ഉന്നത ബിജെപിനേതാക്കളുടെ ബന്ധം സ്ഥിരീകരിക്കുന്നതാണ്‌‌ റിപ്പോർട്ട്‌. ധർമരാജൻ വഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ കൈമാറാനുള്ള പണമാണ്‌ കവർന്നതെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണിത്‌.

തെരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് കൊള്ളയടിക്കപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷിന്റെയും ഓഫീസ് സെക്രട്ടറി ഗിരീഷിന്റേയും നിർദേശ പ്രകാരമാണ് ധർമ്മരാജൻ മൂന്നരക്കോടി രൂപ എത്തിച്ചത്. അതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി. ബംഗ്ലൂരുവിൽ നിന്നാണ് പണമെത്തിയതെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധർമരാജൻ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ തന്നെ അത് പുനഃപരിശോധിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചു വേണമെന്ന ധർമരാജന്റെ ഹർജി 23ന് കോടതി വീണ്ടും പരിഗണിക്കും.