ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി, യാത്രക്കാര്‍ രക്ഷപ്പെട്ടു, അപകടത്തിൽപ്പെട്ടത് കണ്ണൂര്‍- ഹുബ്ലി വിമാനം

0
76

കര്‍ണാടകയിലെ ഹുബ്ലിയിൽ ലാൻഡ് ചെയ്യുന്നതിനിടെ കണ്ണൂരില്‍നിന്ന് പോയ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍നിന്ന് വിമാനയാത്രക്കാരും ക്രൂ അംഗങ്ങളും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-7979 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യാത്രക്കാരും വിമത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും ഒരു പരിക്കുമില്ല. മോശം കാലാവസ്ഥ കാരണം ആദ്യ ശ്രമത്തില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ച രാത്രി 8.03നാണ് വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ നിശ്ചയിച്ചിരുന്നത്. രണ്ടാമത്തെ തവണ ലാന്‍ഡ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയര്‍ പൊട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴു യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് നിർബന്ധിത ലാന്‍ഡിങ്ങിന് കരണമായതിനാലാണ് ടയര്‍ പൊട്ടിയതെന്ന് ഹുബ്ലി വിമാനത്താവളം ഡയറക്ടര്‍ പ്രമോദ്കുമാര്‍ പറയുന്നു. റണ്‍വേയില്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് വീണ്ടും തുറന്നുകൊടുത്തു.