പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. ഭരണഘടനപരമായി ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പൗരത്വ പ്രക്ഷോഭ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കവേ കോടതി നിരീക്ഷിച്ചു.
വനിതാ അവകാശ പ്രവര്‍ത്തകരായ നതാഷ നര്‍വാള്‍, ദേവങ്കണ കലിത, ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥിനി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ജസ്റ്റീസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2020 മെയ് മാസത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദവും രണ്ടാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിദ്ധരിക്കേണ്ടതില്ല.
ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിച്ച് പോകുന്നതാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യത്തിന് വിഷമകരമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കുകയും പാസ്പോര്‍ട്ട് കൈമാറുകയും വേണമെന്നാണ് ജാമ്യവ്യവസ്ഥ.