ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം, ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍

0
67

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ 30ശതമാനത്തിന് മുകളിലാണെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണും ടിപിആര്‍ 20നും 30നും ഇടയിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണും ടിപിആര്‍ എട്ടിനും 20നും ഇടയിലാണെങ്കില്‍ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനം വരെയാണെങ്കില്‍ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇളവുകളുടെ ഭാഗമായി ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഇവര്‍ക്ക് ഗതാഗതം അനുവദിക്കും.

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും. ബാങ്കുകൾ നിലവിലേതുപോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ഹോം ഡെലിവറി, പാഴ്‌സല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. പൊതുപരിപാടികള്‍ അനുവദിക്കില്ല. മാളുകള്‍ തുറക്കില്ല.

എപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ സംസ്ഥാനത്ത് ശക്തമായി ആഞ്ഞടിച്ചു. ജൂണ്‍ ആദ്യത്തോടെ വൈറസ് വ്യാപനം കുറഞ്ഞു തുടങ്ങി. എന്നാലും ലോക്ക്ഡൗണ്‍പിന്‍വലിക്കാന്‍ തക്ക നിലയിലേക്ക് എത്തിയില്ല. ഇപ്പോള്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് വന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.