രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് യുവ സംവിധായിക ആയിഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ “ബയോ വെപ്പൺ’ പരാമർശം നടത്തിയെന്നതിൻറെ പേരിൽ ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഈ മാസം 20-ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പോലീസിനോട് എന്തെല്ലാം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം – 124 എ – ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകാനും നിർദേശം നൽകി.
തൻറെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ലെന്നും ആയിഷ സുൽത്താന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.