പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്ക്കരിക്കണം : മന്ത്രി വി ശിവൻകുട്ടി

0
70

 

 

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള പഠനസഹായികൾ ലഭ്യമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മേട്ടുക്കട എൽപിഎസ്, ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരം എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി മൊബൈൽഫോൺ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സമിതി രൂപവത്കരിക്കാൻ തദ്ദേശഭരണ പ്രതിനിധികൾ,സ്കൂൾ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ മുൻകൈയെടുക്കണം. പ്രസ്തുത സഹായസമിതിയിൽ സ്കൂൾ പിടിഎ അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരെയും ഉൾപ്പെടുത്തണം.

എത്രയും പെട്ടെന്ന് സമിതികൾ രൂപീകരിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു.മേട്ടുക്കട എൽപിഎസിലും ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരത്തും വിദ്യാർഥികൾക്കായി മൊബൈൽ ഫോണുകൾ സമാഹരിച്ചത് ഇത്തരം സഹായ സമിതികൾ ആണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്ലാ ഇടങ്ങളിലും ഉള്ള വിദ്യാർഥികൾക്ക് ഡിജിറ്റൽ -ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങളും നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത ഇടങ്ങളിൽ ഇന്റർനെറ്റും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പട്ടികവർഗ കോളനികളിലാണ് ആദ്യഘട്ടത്തിൽ യുദ്ധകാലടിസ്ഥാനത്തിൽ ഈ പ്രവർത്തനം നടക്കുന്നത്.

ഡിഡിഇ-യും എഇഒ-മാരും ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണം. പട്ടികവർഗ കോളനികളിലെ സ്ഥിതി വിവര റിപ്പോർട്ട് ഡിഡിഇ -മാർ ജൂൺ 20നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.