രാജ്യത്ത് കണ്ടെത്തിയ കോവിഡിന്റെ വകഭേദത്തിന് ജനിതകമാറ്റം; വ്യാപന ശേഷി കൂടുതലെന്ന് ആരോഗ്യവിദഗ്ധർ

0
72

 

രാജ്യത്ത് കൊവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെൽറ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്.

ഡെൽറ്റ പ്ലസ് എന്നാണ് പുതിയ വകഭേദം അറിയപ്പെടുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരക ശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായി മുൻകരുതൽ സ്വീകരിക്കണമെന്ന് ഐസിഎംആർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1.18 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മുക്കാൽ ലക്ഷത്തിൽ താഴെ എത്തി. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൊവിഡ് ബാധിച്ച് ഇന്നലെ 3921 പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയായി.