ആത്മനിർഭർ ഭാരത്‌ എന്ന മുദ്രാവാക്യത്തിന്റെ മറവിൽ കേന്ദ്രം രാജ്യത്തെ വിൽക്കുന്നു : എളമരം കരീം

0
31

 

ആത്മനിർഭർ ഭാരത്‌ എന്ന മുദ്രാവാക്യത്തിന്റെ മറവിൽ കേന്ദ്രസർക്കാർ രാജ്യത്തെ വിൽക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കോവിഡ്‌ കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന തുടരുന്നു. തന്ത്രപ്രധാന മേഖലകളായ റെയിൽവേ, പ്രതിരോധം, ഖനികൾ തുടങ്ങിയവ വിദേശകുത്തകകൾക്ക്‌ കൈയടക്കാനുള്ള അവസരം ഒരുക്കുകയാണ്‌ കേന്ദ്രമെന്നും എളമരം കരീം പറഞ്ഞു.

കോവിഡ്‌ കാലത്ത് ഇന്ത്യൻ റെയിൽവേയിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പുതിയ കേന്ദ്ര തൊഴിൽനിയമങ്ങളും വിശദീകരിച്ച് തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾ സംയുക്തമായി നടത്തിയ ഓൺലൈൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയ്‌ക്ക്‌ 50 റെയിൽവേ സ്‌റ്റേഷനുകൾ കൈമാറുന്നു.

150 സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ വരുന്നു. റെയിൽവേ സ്വകാര്യവൽക്കരണത്തിലൂടെ 90,000 കോടി രൂപ സമ്പാദിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതുകയാണ്‌ കേന്ദ്രം. എട്ടുമണിക്കൂർ ജോലിയെന്നത്‌ ഇല്ലാതാകുന്നു. കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന നടപടിയുമായി മുന്നോട്ടുപോകുന്നു.

കോൺഗ്രസ്‌ നടപ്പാക്കിയ നയങ്ങൾതന്നെയാണ്‌ ബിജെപിയും തുടരുന്നത്‌. അതിനാൽ പാർലമെന്റിൽ കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളെ എതിർക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഐടിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് എന്നിവരും സംസാരിച്ചു. ഡിആർഇയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി സുശോഭനൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി മാത്യു സിറിയക്, ജോയിന്റ് ജനറൽ സെക്രട്ടറി ആർ ജി പിള്ള, കെ സി ജയിംസ്‌, പി എൻ സോമൻ എന്നിവർ പങ്കെടുത്തു.

ബിജെപിക്ക് സിറോ ബാലൻസ്, നേതാക്കൾക്ക് കോടികളുടെ ആസ്തി