തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്

0
76

പത്തനംതിട്ട തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു., ഓട്ടോക്ലേവ് റൂം, മെഡിസിന്‍ സ്റ്റോര്‍, പേഷ്യന്റ് പ്രിപ്പറേഷന്‍ റൂം, ഡോക്ടര്‍മാരുടേയും സ്റ്റാഫുകളുടേയും ചേഞ്ചിംഗ് റൂം, ഡ്യൂട്ടി റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷന്‍ എന്നിവയാണ് ഈ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സിലുള്ളത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് 6,800 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കുന്നത്. ഒരേ സമയം രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന രണ്ട് ഓപ്പറേഷന്‍ ടേബിളുകളാണ് സജ്ജമാക്കുന്നത്. സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു.വില്‍ 4 കിടക്കകളുണ്ടാകും. ആധുനിക ഹെപ്പാ ഫില്‍ട്ടറുള്ള എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് ഉള്‍പ്പെടെയുള്ളവ ഇവിടെ സജ്ജമാക്കുന്നതാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ ചെയ്യാന്‍ സാധിക്കും. അടുത്ത ഘട്ടത്തില്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നതാണ്.