സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ബാലവേലയില്‍നിന്ന് മോചിപ്പിച്ചത് 427 കുരുന്നുകളെ. സംസ്ഥാന വനിത, ശിശു വികസന വകുപ്പ് നടപ്പാക്കിയ ശരണബാല്യം പദ്ധതിയിലൂടെയാണ് ബാലാവകാശ കമീഷന് 2019-21 കാലയളവില്‍ 400ലേറെ കുട്ടികളെ ബാലവേലയില്‍നിന്ന് മോചിപ്പിച്ചത്. പുറംലോകമറിയാത്ത സംഭവങ്ങള്‍ അതിലുമേറെയാണ്.
2018-19 കാലയളവില്‍ 142 കുരുന്നുകളെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 49 തൊഴിലുടമകള്‍ക്കെതിരെ നടപടിയുമെടുത്തു. ബാലവേലയില്‍ ചെന്നുപെടുന്നതിലധികവും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മക്കളും ആദിവാസി കുട്ടികളും സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരുമാണ്.
ഹോട്ടല്‍ ജോലിയിലും വീട്ടുജോലികളിലുമാണ് ബാലവേല കൂടുതലാവുന്നത്. വീടുകളില്‍ പെണ്‍കുട്ടികളും ഹോട്ടലുകളില്‍ ആണ്‍കുട്ടികളുമാണ് ഇരകളിലേറെയും. 2019-21 കാലയളവില്‍ മലപ്പുറത്തും എറണാകുളത്തുമായി ഓരോ കുട്ടികളെയാണ് വീട്ടുജോലിയില്‍നിന്ന് ബാലാവകാശ കമീഷന് രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചത്.
ലോക്ഡൗണില്‍ താരതമ്യേന ബാലവേല കുറവായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും വരുംനാളുകളില്‍ ഇതിെന്റ തോത് വര്‍ധിക്കാനിടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും അവസാനിക്കുന്നതിനൊപ്പം ഓരോ കുട്ടിയെക്കുറിച്ചും കൃത്യമായ വിവരശേഖരണവും നിരീക്ഷണവും നടത്താന്‍ വാര്‍ഡുതല ശിശുസംരക്ഷണ സമിതികളുടെ രൂപവത്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുെമന്നും ബാലാവകാശ കമീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാര്‍ഡ് അംഗം, അധ്യാപകര്‍ തുടങ്ങിയവരടങ്ങുന്ന സമിതികള്‍ പ്രവര്‍ത്തിക്കുക.