കള്ളത്തെളിവുണ്ടാക്കൽ: കേന്ദ്ര ഏജൻസികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം, പൊതുജനങ്ങൾക്ക് പറയാനുള്ളതും കേൾക്കും

0
65

 

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ആദ്യപടിയായി കമീഷൻ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. ഇതിന്റെ ഭാഗമായി നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു. അന്വേഷണ വിധേയമായ കാര്യങ്ങളിൽ അറിവും താല്ലര്യവും ഉള്ളവർ, അതുമായി ബന്ധപ്പെട്ട സത്യവാങ്മുലമോ നിർദ്ദേശങ്ങളോ ജൂൺ 26ന് വൈകുന്നേരം 5നുള്ളിൽ കിട്ടത്തക്കവിധം ഫോൺ നമ്പർ സഹിതം അയച്ചുതരണമെന്ന് കമീഷൻ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കേണ്ടതിനാൽ സംഭവത്തെക്കുറിച്ച് നേരിട്ടറിയുന്നവർ കൃത്യമായും വീഴ്ചകൂടാതെയും തെളിവ് നൽകി സഹായിക്കണമെന്നും കമീഷൻ അറിയിച്ചു.

കമീഷന്റെ അന്വേഷണ നടപടികളിൽ കക്ഷി ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും സ്ഥാപനങ്ങളും സംഘടനകളും അതിനായി ജൂൺ26ന് വൈകുന്നേരം 5 മണിക്കുള്ളിൽ നേരിട്ടോ അഭിഭാഷകർ /അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മീഷൻ മുൻപാകെ അപേക്ഷിക്കേണ്ടതാണ്.

സത്യവാങ്മൂലം പത്രിക, നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾ അതോടൊപ്പം അവർ ആശ്രയിക്കാൻ ഉദ്ദേശിക്കുന്ന രേഖകളും വിസ്തരിക്കാൻ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങൾ കാണിക്കുന്ന പട്ടികയും നൽകേണ്ടതാണ്.

കമീഷൻ മുൻപാകെ സത്യവാങ്മുലവും പത്രികയും നിർദ്ദേശങ്ങളും നൽകിയിട്ടുള്ള വ്യക്തികളെ വിസ്തരിക്കും. കമീഷന്റെ സിറ്റിംഗ് എറണാകുളത്തും കൊല്ലത്തും, കമീഷന് യുക്തമെന്നും ആവശ്യമെന്നും തോന്നുന്ന സ്ഥലങ്ങളിലും നടത്തുന്നതാണ്. കമീഷന്റെ സിറ്റിംഗ് സ്ഥലം, തീയതി, സമയം മുതലായവ പിന്നിട് അറിയിക്കും.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ ഉൾപ്പെടുന്നത്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്.

ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികൾക്കു മേൽ സമ്മർദം ചെലുത്തി, അങ്ങനെ സമ്മർദം ചെലുത്തിയെങ്കിൽ അത് ആരൊക്കെ, ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമീഷനെ നിയമിച്ചിരിക്കുന്നത്.