Wednesday
17 December 2025
26.8 C
Kerala
HomeKeralaഅഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കോവിഡ് മുക്തയായി ജീവിതത്തിലേക്ക്

അഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കോവിഡ് മുക്തയായി ജീവിതത്തിലേക്ക്

 

തിരുവനന്തപുരം: കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.

ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയർ സെന്ററിൽ നിന്നും ഓക്‌സിജൻ കുറഞ്ഞ അവസ്ഥയിൽ ജാനകിയമ്മയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.

കോവിഡ് നോഡൽ ഓഫീസർ ഡോ. പ്രമോദിന്റെ നേതൃത്വത്തിൽ മെഡിസിൻ, അനസ്‌തേഷ്യ, പൾമണറി മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകൾക്കും, 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് യാത്രയാക്കി.

RELATED ARTICLES

Most Popular

Recent Comments