സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച 11 ജില്ലകളിൽ യെല്ലോ അലേർട്ട്

0
49

നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാസ്ഥാ റിപ്പോർട്ട്. കേരളത്തിൻ്റെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും. വടക്കൻ കേരളത്തിൽ ഈ ആഴ്ച അവസാനത്തോടെ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് പതിനൊന്നു ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച തിരുവനനന്തപുരം ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 13 ഞായറാഴ്ചയാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ ദിവസം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഞായറാഴ്ച യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച വൈകിട്ട് നാലുമണിയ്ക്ക് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ മുന്നറിയിപ്പുകളുള്ളത്.

കൂടാതെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കേരള തീരത്തും കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ വ്യാഴാഴ്ച രാത്രി 11.30 വരെ കേരളത്തിൻ്റെ തീരങ്ങളിൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.