നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ കുഴൽപ്പണക്കടത്തിലും ബിജെപി കുടുങ്ങിയതോടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കടുത്ത ഭാഷയിൽ ശാസിച്ച് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് നാണക്കേടാകുമെന്നും അതുകൊണ്ടു മാത്രമാണ് നടപടി കൈക്കൊള്ളാത്തതെന്നും നദ്ദ രൂക്ഷമായ ഭാഷയിൽ പറഞ്ഞു. സുരേന്ദ്രനെ ദേശീയ നേതൃത്വം ശാസിച്ചതായും സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങ ളെ പ്രസിഡന്റ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതായും ഒരു വിഭാഗം നേതാക്കളും പറയുന്നു. ശാസന കിട്ടിയതിൽ വിമതപക്ഷം നല്ല ആഹ്ലാദത്തിലാണുതാനും. ഏതാനും വിമത നേതാക്കളാണ് ഇക്കാര്യം ചോർത്തി മാധ്യമങ്ങൾക്കു നൽകിയതും.
ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം. അല്ലാതെ പാർട്ടിയെ ആകെ പ്രതിരോധത്തിലാക്കുന്ന നടപടിയല്ല വേണ്ടത്. ദേശീയതലത്തില്‍ മോഡി സര്‍ക്കാറിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ “മേന്മ”. അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബിജെപിയുടെ ആകെയുള്ള സീറ്റ് ഇല്ലാതാക്കിയെന്നും നദ്ദ വിമർശിച്ചു. കേരളത്തിലെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കി. മൂന്ന് ശതമാനത്തിലധികം വോട്ട് കുറച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ വെറുപ്പിച്ചെന്നും ഇത് വേറൊരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്നും ജെ പി നദ്ദ പരിഹസിച്ചു. ബംഗാളില്‍ രണ്ട് സീറ്റില്‍ നിന്ന് സീറ്റ് കൂടിയപ്പോൾ കേരളത്തിൽ ഉള്ളതും പോയി. വല്ലാത്ത സംഘടനാപ്രവർത്തനമാണ് കേരളത്തിലേത്. കേരളത്തിലെ സാഹചര്യങ്ങള്‍ ഈ നിലയില്‍ മുമ്പോട്ട് പോകുന്നതില്‍ കാര്യമില്ല. ഇപ്പോൾ പുറത്താക്കിയാൽ അത് മൊത്തത്തിൽ നാണക്കേടാകും. അതുകൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും നദ്ദ വിമർശിച്ചു. കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും നദ്ദ നേരിട്ട് ചോദിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ നേരിട്ട് അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നൽകാനും നദ്ദ നിർദ്ദേശിച്ചു.
കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ നിരവധി ഗുരുതര പരാതികളാണ് ദേശീയ നേതാക്കൾക്ക് ലഭിച്ചത്. കടുത്ത അതൃപ്തി ഉണ്ടെങ്കിലും എടുത്തുചാടി സുരേന്ദ്രനെ ഒഴിവാക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്താക്കിയാൽ അത് വലിയ ചർച്ചയാകും. സംസ്ഥാന ബിജെപിയില്‍ തല്ക്കാലം നേതൃമാറ്റം ഉണ്ടാകില്ല. സുരേന്ദ്രൻ തന്നെ തുടരട്ടെയെന്നും വിഷയങ്ങൾ ഉണ്ടായാൽ ഇടപെടാമെന്നുമാണ് നേതൃത്വം അറിയിച്ചത്.