ദേശീയ ചാമ്പ്യൻഷിപ്പ്: അത്ലറ്റുകൾക്ക് മുൻഗണനാക്രമത്തിൽ വാക്സീൻ നൽകണമെന്ന് പി ടി ഉഷ

0
77

 

ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്ലറ്റുകൾക്കും മുൻഗണനാക്രമത്തിൽ വാക്സീൻ നൽകണമെന്ന് പി ടി ഉഷ. മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഉഷ ആവശ്യമുന്നയിച്ചത്.

ഒളിംപിക്സിന് തയ്യാറെടുക്കുന്ന താരങ്ങൾക്കുളള വാക്സിനേഷൻ ഏറെക്കുറെ പൂർത്തിയായി. എന്നാൽ വരാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന അത്ലറ്റുകളും പരിശീലകരുമെല്ലാം വാക്സിനേഷൻ മുൻഗണനാപട്ടികയ്ക്ക് പുറത്താണ്. ഇവരെ പ്രത്യേകം പരിഗണിച്ച് വാക്സീൻ നൽകണമെന്നാണ് പി ടി ഉഷ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്.

കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെയും ടാഗ് ചെയ്താണ് ട്വിറ്ററിൽ ഉഷയുടെ അഭ്യർത്ഥന. ഒളിംപിക്സിന് തയ്യാറെടുക്കുന്നവരിൽ അഞ്ച് പേരൊഴികെ എല്ലാവരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.

കൊവിഡ് ബാധിതരായതിനാൽ ബോക്സർ സിമ്രാൻജീതിനും ഷൂട്ടർമാരായ രാഹി സർനോബാത്, സൗരഭ് ചൌധരി, ദീപക് കുമാർ, മെയ് രാജ് അഹമ്മദ് ഖാൻ എന്നിവർക്ക്വാക്സീനെടുക്കാൻ കഴിഞ്ഞിട്ടില്ല.

പങ്കെടുക്കുന്നവർ വാക്സീനെടുത്തിരിക്കണം എന്ന് ഒളിംപിക് കമ്മിറ്റിയുടെ നിബന്ധന ഇല്ലെങ്കിലും ഒളിംപിക്സിനിടെയുണ്ടായേക്കാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് മുഴുവൻ താരങ്ങൾക്കും വാക്സീനെടുക്കുന്നത് എന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിക്കുന്നത്.

ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങുന്നത്. ടോക്യോയിൽ എത്തും മുൻപ് പരമാവധി പേർക്ക് രണ്ട് ഡോസ് വാക്സീൻ നൽകുകയാണ് ഐഓഎ ലക്ഷ്യമിടുന്നത്.