ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും – മുഖ്യമന്ത്രി

0
96

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. ഉപകരണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നവും ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ട്. ആ പ്രദേശങ്ങള്‍ കണ്ടെത്തണം. അവിടെ കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണം. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവുമുള്‍പ്പെടെ ഉപയോഗിക്കാന്‍ ശ്രമിക്കും. ഊര് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ബാധ്യത താങ്ങാന്‍ ഉദാരമതികളുടെ സംഭാവന സ്വീകരിക്കേണ്ടി വരും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്നും സഹായം സ്വീകരിക്കാം. ഇതിന് പ്രത്യേക നിധി രൂപീകരിക്കും. ഇന്‍റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്ജ് സൗജന്യമായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കും. സൗജന്യ നിരക്കിലും ആവശ്യപ്പെടും. എത്ര കുട്ടികള്‍ക്ക് സൗകര്യം വേണമെന്ന് സ്കൂള്‍ പി.ടി.എ.കള്‍ കണക്കാക്കണം. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ഉദാരമതികള്‍, പ്രവാസികള്‍ മുതലായവരില്‍ നിന്നും സഹായം സ്വീകരിക്കാം. ഇതിനായി വിപുലമായ ക്യാമ്പയിന്‍ നടത്തണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.