ബിജെപിക്ക് കനത്ത പ്രഹരം, പണം തിരികെ വേണമെന്ന ധർമ്മരാജന്റെ ഹർജി കോടതി തള്ളി

0
26

 

തെരഞ്ഞെടുപ്പു പ്രചാരണത്തിനെന്ന പേരിൽ കർണാടകത്തിൽ നിന്നും കോടികളുടെ കുഴൽപ്പണം കടത്തിയ കേസന്വേഷണം അട്ടിമറിക്കാൻ ആർഎസ്എസുകാരനും സ്പിരിറ്റ് കേസിൽ പ്രതിയുമായിരുന്ന എ കെ ധർമരാജനെ ഉപയോഗിച്ചുള്ള ബിജെപി നാടകത്തിന് കനത്ത തിരിച്ചടി.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജി കോടതി തള്ളി. ഹർജി ഫയലിൽ സ്വീകരിക്കാൻ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തയാറായില്ല. ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയിൽ പിഴവുകളുണ്ടെന്ന് പറഞ്ഞ കോടതി മതിയായ രേഖകളുമായി വരാൻ നിർദേശിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും മറ്റു ചില നേതാക്കളുടെയും തിരക്കഥ അനുസരിച്ചാണ് എ കെ ധർമരാജൻ കോടതിയിൽ ഹർജി നൽകിയത്. കൊടകരകുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധർമരാജനെ വീണ്ടും രംഗത്തിറക്കിയത്.

എന്നാൽ, സംഗതി പാളി. ബിജെപി കുഴൽപ്പണം എത്തിയത്‌ കർണാടകത്തിൽനിന്നുതന്നെയെന്ന്‌ സ്ഥിരീകരിച്ചുള്ള വ്യക്തമായ തെളിവുകൾ അന്വേഷകസംഘത്തിന് ലഭിച്ചതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം പുതിയ നാടകവുമായി രംഗത്തുവന്നത്.

സ്വന്തം ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ തുകയെന്ന ധർമ്മരാജന്റെ വാദവും പച്ചക്കള്ളമാണ്. എത്ര തുകയാണ് കൊടുത്തുവിട്ടതെന്നുപോലും ധർമ്മരാജന് അറിയില്ലേ. ആദ്യത്തെ 25 ലക്ഷം രൂപയായിരുന്നത് എങ്ങനെയാണ് മൂന്നര കോടിയായത്. ബിസിനസ് ആവശ്യത്തിനാണ് കൊടുത്തയച്ചതെങ്കിൽ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും 25 ലക്ഷം രൂപയുടെ പോലും രേഖകളും അതിന്റെ ഉറവിടവും കാണിക്കാൻ കഴിയാത്തത്.

ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടവരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം പോയി അരമണിക്കൂറിനുള്ളിൽ വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ നാടകം ബിജെപി ആസൂത്രണം ചെയ്തത്.

ധർമ്മരാജന്റെ നാടകീയ നീക്കം, കുഴൽപ്പണ കേസിൽ നിർണായക വഴിത്തിരിവ് എന്നൊക്കെയായിരുന്നു ചില മാധ്യമങ്ങൾ ആവേശം കൊണ്ടത്. എന്നാൽ, ഹർജി തള്ളിയതോടെ ഇതെല്ലാം അമ്പേ പാളി.

അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ കോൺഗ്രസ്സ് തലപ്പത്തേക്ക്