Sunday
11 January 2026
24.8 C
Kerala
HomePoliticsBREAKING :കെ പി സി സി പ്രസിഡന്റ് സ്ഥാനം സുധാകരന്റെ സ്വപ്നം , കോൺഗ്രസ്സിലെ പ്രതിസന്ധി...

BREAKING :കെ പി സി സി പ്രസിഡന്റ് സ്ഥാനം സുധാകരന്റെ സ്വപ്നം , കോൺഗ്രസ്സിലെ പ്രതിസന്ധി രൂക്ഷമാക്കും: എ കെ ബാലന്‍

 

കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കിയത് കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് സി പി എം നേതാവ് എ കെ ബാലന്‍. സുധാകരനൊപ്പം ബ്രണ്ണന്‍ കോളജിലെ പഠനകാല ഓര്‍മകള്‍ പറഞ്ഞുകൊണ്ടാണ് എ കെ ബാലന്റെ പ്രതികരണം.

ഏറെക്കാലമായി സുധാകരന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമായിരുന്നു കെ പി സി സി പ്രസിഡന്റ് സ്ഥാനം. ഇത്തരം ആഗ്രഹമുള്ള പലരും അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സുധാകരന് അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ സ്വഭാവം വെച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട സ്ഥാനത്ത് സുധാകരന്റെ നില അതിനേക്കാള്‍ ദയനീയമായിരിക്കും. പരാജയപ്പെട്ട ഒരു കെ പി സി സി പ്രസിഡന്റ് എന്ന് ചരിത്രത്തില്‍ സുധാകരന്റെ പേര് രേഖപ്പെടുത്തുമെന്നും എ കെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സുധാകരനുമായി അര നൂറ്റാണ്ടോളം നീളുന്ന ബന്ധം തനിക്കുണ്ട്. ഇപ്പോഴും വ്യക്തിബന്ധത്തിന് മങ്ങലേറ്റിട്ടില്ല. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഞാന്‍ കെ എസ് എഫിന്റെയും സുധാകരന്‍ കെ എസ് യുവിന്റെയും നേതാക്കളായി പ്രവര്‍ത്തിച്ചു.

ആദ്യകാലത്ത് നാമമാത്രമായുണ്ടായിരുന്ന കെ എസ് എഫിനെ തകര്‍ക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെ പരിമിതമായ സാഹചര്യത്തില്‍ നിന്ന് ചെറുത്തുതോല്‍പ്പിക്കാനാണ് ഞാന്‍ നേതൃത്വം നല്‍കിയത്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്കോയ സാഹിബ് ബ്രണ്ണന്‍ കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ കരിങ്കൊടി കാട്ടിയും ചീമുട്ടയെറിഞ്ഞും ആ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചു.

അന്ന് മുഹമ്മദ്കോയക്ക് പിന്തുണ പ്രകടിപ്പിച്ച് ശക്തമായ മുദ്രാവാക്യം മുഴക്കി ചടങ്ങ് സുഗമമായി നടത്താന്‍ ഞാന്‍ മുന്നില്‍ നിന്നതും ഓര്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ ഞങ്ങളെ ആക്രമിക്കാന്‍ സുധാകരനും സംഘവും വന്നപ്പോള്‍ അതിനെ ചെറുക്കാന്‍ സ. പിണറായി വിജയന്‍ വന്നതും ഓര്‍മയിലെത്തുന്നു.

പിന്നീട് സുധാകരന്‍ കെ എസ് യുവില്‍ നിന്ന് മാറി. സംഘടനാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യുവിന്റെ നേതാവായി. ഒരു ഘട്ടത്തില്‍ എസ് എഫ് ഐ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുധാകരന്‍ സന്നദ്ധനായി. എന്നാല്‍ എന്നെയാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി എസ് എഫ് ഐ തീരുമാനിച്ചത്. മമ്പറം ദിവാകരനായിരുന്നു കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. സുധാകരന്‍ എന്‍ എസ് യുവിന്റെയും സ്ഥാനാര്‍ത്ഥിയായി. ചെയര്‍മാനായി ഞാന്‍ വിജയിക്കുകയും ചെയ്തു.

ബ്രണ്ണന്‍ കോളജില്‍ കെ എസ് യുവിന്റെ പതനത്തിനു ഒരു കാരണക്കാരന്‍ സുധാകരനാണ്. കെ പി സി സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരന്റെ ഒരു ഫേസ്ബുക് കുറിപ്പില്‍ ഈ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ട് സംഘടനാ കോണ്‍ഗ്രസിലേക്ക് പോയി ജനതാ പാര്‍ട്ടി വഴി പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയാണ് സുധാകരന്‍ ചെയ്തത്.

കോണ്‍ഗ്രസ് വിട്ടുപോയ സുധാകരന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ വലിയ മാര്‍കിസ്റ്റ് വിരോധിയാണ് താനെന്നു കാണിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ തോതില്‍ അക്രമം അഴിച്ചുവിട്ടത് ചരിത്രമാണ്. കണ്ണൂരില്‍ രാമകൃഷ്ണന്റെ നേതൃത്വം കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ അവിടെ കോണ്‍ഗ്രസുകാരെ സജീവമാക്കാന്‍ സുധാകരന്‍ നേതൃത്വം നല്‍കി. എന്നാല്‍ കൂറുമാറി വന്ന ഒരാളെന്ന നിലയില്‍ സുധാകരനോട് അവിടത്തെ കോണ്‍ഗ്രസ്സുകാരില്‍ വലിയൊരു വിഭാഗത്തിന് മാനസികമായ യോജിപ്പില്ല.

കോണ്‍ഗ്രസിനിടയില്‍ ഇത്രയും മാനസികമായ പിന്തുണയില്ലാതെ ഒരാള്‍ കെ പി സി സി പ്രസിഡന്റാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ സുധാകരന്‍ തന്റെ തനതു ശൈലിയില്‍ പ്രവര്‍ത്തിക്കും. അത് കോണ്‍ഗ്രസിന്റെ നാശത്തിലായിരിക്കും കലാശിക്കുക. കണ്ണൂര്‍ ജില്ലയില്‍ ഇത് കണ്ടതാണ്. സുധാകരന്റെ രാഷ്ട്രീയമായ നിലനില്‍പ്പ് തന്നെ മാര്‍ക്സിസ്റ്റ് വിരുദ്ധതയായതുകൊണ്ട് അദ്ദേഹം ആ ശൈലിയില്‍ നിന്ന് മാറുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

കെ പി സി സി പ്രസിഡന്റ് ആകണമെങ്കില്‍ ശക്തമായ മാര്‍കിസ്റ്റ് വിരുദ്ധ നിലപാട് വേണമെന്ന തെറ്റായ ധാരണ ഉള്ളതുകൊണ്ടായിരിക്കാം മുല്ലപ്പള്ളി രാമചന്ദ്രനും ആ നിലപാടാണ് കൈക്കൊണ്ടത്. അതിന് എന്താണ് സംഭവിച്ചതെന്ന് കണ്ടുകഴിഞ്ഞു. അതിനൊപ്പം നില്‍ക്കുന്ന ശൈലിയാണ് സുധാകരന്റേതും. ആ നില്ക്ക് സുധാകരന് കോണ്‍ഗ്രസിനകത്തുനിന്നും പുറത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടുമെന്ന കരുതാന്‍ വയ്യ. ഏതു സമയത്തും കോണ്‍ഗ്രസിന്റെ ഈ കുപ്പായം വലിച്ചെറിയാനും സുധാകരന്‍ മടിക്കില്ലെന്നും ബാലന്‍ പറഞ്ഞു.

 

 

അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ കോൺഗ്രസ്സ് തലപ്പത്തേക്ക്

RELATED ARTICLES

Most Popular

Recent Comments