രക്ഷകനായി ഡോ. എം എ യൂസുഫലി, ബെക്‌സ് കൃഷ്ണന്‍ തിരികെയെത്തി

0
18

 

 

യുഎഇയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ ബെക്‌സ് കൃഷ്ണന്‍ തിരികെ ജീവിതത്തിലേയ്ക്ക്. രക്ഷകനായി എത്തിയത് പ്രമുഖ വ്യവസായി ഡോ. എം എ യൂസുഫലി. യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനാകുകയായിരുന്നു  തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍.

ചൊവ്വാഴ്‌ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ യാത്രതിരിച്ച ബെക്‌സ്, പുലര്‍ച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഭാര്യ വീണയും മകന്‍ അദ്വൈതും ബെക്‌സിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ കാരുണ്യത്തില്‍ ലഭിച്ചത് പുതുജന്മാമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബദാബി മുസഫയില്‍ വെച്ച് ബെക്‌സ്‌ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്.

ബെക്‌സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷ റദ്ദ് ചെയ്യാന്‍ സാധിച്ചതാണ് നിര്‍ണായകമായത്.

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം എ യൂസഫലിയുമായി ബന്ധപ്പെടുന്നത്‌.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി അദ്ദേഹം സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്‌തിരുന്നു.

ഒരു കോടി ഇന്ത്യൻ രൂപ ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരി 4 നു കോടതിയില്‍ കെട്ടിവെച്ചു.പണം നൽകിയാലും രക്ഷപ്പെടാത്ത സന്ദർഭങ്ങൾ നമ്മുടെ ചുറ്റും ഉണ്ടാകാറുണ്ട്. പക്ഷെ, ഇത് ഇങ്ങിനെ ചെയ്‌താൽ ഇദ്ദേഹം രക്ഷപ്പെടും എന്ന് മനസ്സിലാക്കിയതുകൊണ്ട് ഒരു മനുഷ്യ ജീവൻ രക്ഷപ്പെടുത്തുക എന്ന ഒരു കർമ്മം മാത്രമാണ് താൻ ഇതിലൂടെ ചെയ്തതെന്ന് എംഎ യൂസുഫലി മാധ്യമങ്ങളോട് പറഞ്ഞു.