കോവിഡ് മൂന്നാംതരംഗത്തെ നാലുമാസത്തിനുള്ളിൽ രാജ്യം നേരിടണമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് മൂന്നാം തരംഗത്തെ അതിജീവിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെന്ന് പഠനമുള്ളതിനാൽ മുഴുവൻ ജില്ലയിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കും.
നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഐസിയു ഒരുക്കും. ജില്ലകളിൽ കുട്ടികളുടെ ചികിത്സയ്‌ക്കായി നോഡൽ ആശുപത്രി സജ്ജമാക്കും. ഈ ആശുപത്രികളിലടക്കം ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും.
ജില്ലകളിൽ നോഡൽ ആശുപത്രിയിൽ സൗകര്യം ഒരുക്കുകയാണ്. 18 വയസ്സിനുമുകളിലുള്ളവരിൽ വാക്‌സിൻ വിതരണം വേഗം പൂർത്തിയാക്കും. നിലവിൽ മുൻഗണനാ വിഭാഗത്തിനാണെങ്കിലും വൈകാതെ എല്ലാവർക്കും വാക്‌സിൻ ലഭിക്കും.
40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതോടെ സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് സംസ്ഥാനത്തിന് കോവിഡിനെ അതിജീവിക്കാനാകും.രണ്ടാം തരംഗത്തിൽ 43,000 ത്തിലധികം പേർക്കുവരെ പ്രതിദിനം രോഗം ബാധിച്ചിരുന്നു.
ആദ്യ തരംഗത്തിൽ ഇത് 12,000 മാത്രമായിരുന്നു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയ്‌ക്കുക പ്രധാന ലക്ഷ്യമാണ്. രണ്ടാം തരംഗം ശക്തിയാർജ്ജിച്ച മെയ് പകുതിയിൽ സംസ്ഥാനത്ത് പ്രതിദിനം 4.45 ലക്ഷം രോഗികൾ വരെ ചികിത്സയിലുണ്ടായിരുന്നു.
ലോക്‌ഡൗണിലൂടെ ഇത് കുത്തനെ കുറയ്‌ക്കാനായി. നിലവിൽ ഒന്നര ലക്ഷത്തോളം രോഗികളാണുള്ളത്. ഇതിലൂടെ കിടക്ക, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്ക എന്നിവ ഉറപ്പാക്കാനായി.
ഗുരുതര രോഗികൾ കുറവെന്നത് ആശ്വാസമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്ക് പ്രകാരം അതീവഗുരുതരാവസ്ഥയിലുള്ള 1679 പേരും ഗുരുതരാവസ്ഥയിലുള്ള 4712 പേരും ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് രണ്ടായിരത്തോളം ആശുപത്രിയിലാണ് കോവിഡ് ചികിത്സയുള്ളത്. ഐസിയു കിടക്ക ഒഴികെ 1,21,815 കിടക്കയുണ്ട്. ഇതിൽ 66,101 കിടക്കയിൽ രോഗികളുണ്ട്. ആകെയുള്ളതിന്റെ 54.-2 ശതമാനമാണിത്.